ബെര്‍ലിന്‍ : കൊറോണ വൈറസ് പ്രതിരോധിക്കാനാവാതെ വിഷമിക്കുന്ന ഇറാന് യൂറോപ്പിന്റെ സഹായം. 2015 -ലെ ആണവകരാറിനെ ചൊല്ലി ടെഹ്റാനുമേല്‍ അമേരിക്ക പ്രഘ്യാപിച്ച ഉപരോധം ഒഴിവാക്കാനുള്ള പ്രത്യേക പദ്ധതി ഉപയോഗിച്ച് ടെഹ്റാനിലേക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ എത്തിച്ചതായി ജര്‍മന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു .
ജര്‍മനിക്കു പുറകെ ഫ്രാന്‍സും ബ്രിട്ടനും പദ്ധതിയില്‍ പങ്കാളികളായി. ഉപകരണങ്ങള്‍ ടെഹ്റാനിലെത്തിയെന്നും മന്ത്രാലയം അറിയിച്ചു. ഗുരുതരമായ വൈറസ് ഭീഷണി നേരിടുന്ന സാഹചര്യത്തിലും ഇറാനെ സഹായിക്കാന്‍ യൂറോപ്പ് തയ്യാറാവാത്തതിനെ ടെഹ്റാന് നേരത്തെ വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് യൂറോപ്പ് ഇറാന് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിരുന്നു .
യുഎസിന്റെ കടുത്ത ഉപരോധങ്ങളില്‍ വലയുന്ന ഇറാന് കൊറോണ വൈറസ് ഏല്‍പ്പിക്കുന്ന ആഘാതങ്ങളെ നേരിടാന്‍ പെടാപ്പാടിലാണ്. ആവശ്യമായ മരുന്നോ ഉപകരണങ്ങളോ ലഭ്യമല്ലാത്തതാണ് പ്രധാന പ്രതിസന്ധി. വൈറസ് ബാധ തടയാന്‍ ഇറാന് സഹായം നല്‍കാമെന്ന് കഴിഞ്ഞമാസം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചിരുന്നു. എന്നാല്‍ ഇറാന് പരമോന്ന നേതാവ് അലി ഖമേനി അത് നിരസിക്കുകയായിരുന്നു .