ജനീവ: രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ വിപത്താണ് കൊറോണ വൈറസ് എന്ന് ഐക്യരാഷ്ട്ര സംഘടന. അടുത്ത കാലത്തൊന്നും കൊറോണക്ക് സമാനമായ സാഹചര്യം നേരിടേണ്ടി വന്നിട്ടില്ലെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
‘ഐക്യരാഷ്ട്ര സംഘടനയുടെ 75 വർഷത്തെ ചരിത്രത്തിൽ ആഗോള ആരോഗ്യ രംഗത്ത് നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയാണിത്. നിരവധി ആളുകൾ മരിക്കുകയും ബുദ്ധിമുട്ട് അനുഭവിക്കുകയും ചെയ്യുന്നു. ആരോഗ്യ പ്രതിസന്ധിക്കും ഉപരിയായ സാഹചര്യമാണിത്. കൊറോണ വൈറസ് എല്ലാ സമൂഹത്തെയും ഒരുപോലെ ബാധിക്കുകയാണ്’. സാമൂഹിക-സാമ്പത്തിക രംഗത്ത് കൊറോണ വൈറസുണ്ടാക്കിയ ആഘാതത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പരിഗണിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ആഗോള തലത്തിലുള്ള വൈറസ് വ്യാപനം തടയാൻ ലോക രാജ്യങ്ങൾ കൂടുതൽ ഉത്തരവാദിത്വത്തോടെ കാര്യങ്ങളെ സമീപിക്കണമെന്നും രാഷ്ട്രീയം മറന്ന് എല്ലാവരും ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാത്തിനും ഉപരിയായി ലോകത്തെ മനുഷ്യ ജീവനുകളെ ബാധിക്കുന്ന വിഷയമാണിതെന്ന ചിന്ത ഉണ്ടാകണമെന്നും ഗുട്ടെറസ് ആവശ്യപ്പെട്ടു.