ജോർദാൻ: ‘ആടു ജീവിതം’ സിനിമയുടെ അണിയറ പ്രവർത്തകർ ജോർദാനിലെ മരുഭൂമിയില്‍ കുടുങ്ങിപ്പോയെന്ന വാർത്തകൾക്കു പിന്നാലെ ഫേസ്ബുക്കിൽ വിവരങ്ങള്‍ പങ്കുവെച്ച് നടന് പൃഥ്വിരാജ്. നിലവിൽ ഷൂട്ടിംഗ് നിര്‍ത്തിവെച്ചിരിക്കുകയാണെന്നും എല്ലാവരും സുരക്ഷിതരാണെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
58 അംഗങ്ങളുള്ള ഞങ്ങളുടെ സംഘത്തെ നാട്ടിലേക്ക് മടക്കി എത്തിക്കുകയെന്നത് സർക്കാരിന്റെ ഇപ്പോഴത്തെ പരിഗണന വിഷയമല്ലെന്ന് അറിയാം. ലോകമെമ്പാടും ആയിരക്കണക്കിന് ഇന്ത്യക്കാരാണ് നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുന്നത്. ഉചിതമായ അവസരം എത്തുമ്പോൾ ഞങ്ങൾക്കും നാട്ടിലേക്ക് മടങ്ങാനാകുമെന്ന് പൃഥ്വിരാജ് പറഞ്ഞു.
ജോർദാനിലെ വാഡി റം മരുഭുമിയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. എന്നാൽ മുൻകരുതൽ നടപടികളുടെ ഭാഗമായി സുരക്ഷ കർശനമാക്കിയ സാഹചര്യത്തിൽ നാല് ദിവസം മുമ്പ് ഷൂട്ടിംഗ് താത്ക്കാലികമായി നിർത്തി വെക്കേണ്ടി വരികയായിരുന്നു. ഇവരുടെ വിസാ കാലാവധി ഏപ്രില്‍ 8 ന് അവസാനിക്കും. അതിനാല്‍ തിരിച്ച് നാട്ടിലെത്താന്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് സിനിമാ സംഘവും ഫിലിം ചേംബറും സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ക്ക് കത്ത് നൽകിയിട്ടുണ്ട്.