കണ്ണൂര്‍ : ആറളത്ത് കടുത്ത പനിയെ തുടര്‍ന്ന് മരിച്ച അഞ്ചുവയസ്സുകാരിക്ക് കൊറോണയില്ല. കുട്ടിയുടെ സ്രവസാമ്പിളുകളുടെ പരിശോധന ഫലം നെഗറ്റീവ് ആയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. സ്രവസാമ്പിളുകളുടെ പരിശോധന ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
കഴിഞ്ഞ ദിവസമാണ് പനിബാധിച്ച് രഞ്ജിത്ത് – സുനിത ദമ്പതികളുടെ മകള്‍ അഞ്ജന മരിച്ചത്. കടുത്ത പനിയെ തുടര്‍ന്ന് ആദ്യം ഇരിട്ടിയിലെ സ്വകാര്യ ആശുപതിയിലാണ് കുട്ടിയെ എത്തിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്. ചൊവ്വാഴ്ച ഉച്ചവരെ വീട്ടില്‍ കളിച്ചിരുന്ന കുട്ടിക്ക് പെട്ടന്നാണ് പനി അനുഭവപ്പെട്ടതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
കുട്ടിക്ക് കൊറോണ വൈറസ് ബാധയുണ്ടോ എന്ന് പരിശോധിക്കുന്നതിനായി മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സൂക്ഷിച്ചിരുന്നത്.