മഹാരാഷ്ട്ര : ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ മുംബൈയിലെ ധാരാവിയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഇന്ന് ചേരിയിലെ ഒരാള്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. 35 വയസ്സുകാരനായ ഡോക്ടര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ധാരാവിയില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി.
കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍ താമസിക്കുന്ന കെട്ടിടം അധികൃതര്‍ സീല്‍ ചെയ്തു. ചേരിയില്‍ കൂടുതല്‍ ആളുകളില്‍ വൈറസ് ബാധ സ്ഥിരീകരിക്കുന്നത് ആരോഗ്യവകുപ്പിനെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ധാരാവിയില്‍ വൈറസ് പടര്‍ന്നു പിടിച്ചാല്‍ സ്ഥിതി ഗുരുതരമാകുമെന്നാണ് വിലയിരുത്തല്‍.
അതേസമയം ചേരിയില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്നുള്ള ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 51 വയസ്സുള്ളയാളാണ് കഴിഞ്ഞ ദിവസം കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. മരണത്തിന് ശേഷമായിരുന്നു ഇയാള്‍ക്ക് രോഗം ബാധിച്ചതായി കണ്ടെത്തിയത്. ഇയാള്‍ സമൂഹത്തില്‍ വ്യാപക സമ്പര്‍ക്കം പുലര്‍ത്തിയെന്നാണ് സംശയിക്കുന്നത്.
മുംബൈ സെന്‍ട്രല്‍, പരേല്‍, ഖാഡ്കൂപ്പര്, വകോല എന്നിവിടങ്ങളിലെ ചേരികളില്‍ നേരത്തെ തന്നെ കൊറോണ സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ധാരാവിയില്‍ രോഗം എത്തതിരിക്കാനുള്ള കരുതലിലായിരുന്നു ആരോഗ്യവകുപ്പ് അധികൃതര്‍. ചേരിയില്‍ ഏകദേശം പത്ത് ലക്ഷത്തിലധികം ആളുകള്‍ താമസിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.