ലക്നൗ : ഉത്തര്‍പ്രദേശില്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത ആറ് പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ആഗ്രയില്‍ നിന്നും സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആഗ്രയില്‍ മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 18 ആയി.
ആഗ്ര ജില്ലാ മജിസ്ട്രേറ്റ് പ്രഭു എന്‍ സിംഗാണ് തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ച വിവരം അറിയിച്ചത്. ആഗ്രയില്‍ നിന്നും 28 പേരാണ് തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ നിസാമുദ്ദീനിലേക്ക് പോയത്. ബാക്കിയുള്ളവരെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിട്ടുണ്ട്. ആഗ്രയില്‍ എട്ട് പേര് രോഗം ഭേദമായി ആശുപത്രി വിട്ടതായും അദ്ദേഹം അറിയിച്ചു.
തബ്ലീഗ് സമ്മേളമനത്തില്‍ പങ്കെടുത്തവര്‍ക്ക് വ്യാപകമായി കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ നിസാമുദ്ദീനിലേക്ക് പോയവരെയും ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെയും നിരീക്ഷണത്തില്‍ ആക്കിയിട്ടുണ്ട്. അതേസമയം ചിലര്‍ പരിശോധനയക്ക് വിധേയമാകാന്‍ വിസമ്മതിക്കുന്നതായാണ് വിവരം.
നിരീക്ഷണത്തില്‍ പാര്‍പ്പിച്ച സമ്മേളനത്തില്‍ പങ്കെടുത്ത രണ്ട് പേര് കഴിഞ്ഞ ദിവസം ആരോഗ്യപ്രവര്‍ത്തകരുടെ കണ്ണുവെട്ടിച്ച് കടന്നു കളഞ്ഞിരുന്നു. ഇവരെ ഗ്രേറ്റര്‍ നോയിഡയില്‍ നിന്നും പോലീസ് പിടികൂടിയിട്ടുണ്ട്. നിസാമുദ്ദീനില്‍ നിന്നും എത്തിയവരെ വീടുകളില്‍ ഒളിപ്പിച്ച സംഭവത്തിലും രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.