ന്യൂഡല്‍ഹി : രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 2300 കവിഞ്ഞു. ഇതുവരെ 2031 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 156 പേര് രോഗം ഭേദമായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടിട്ടുണ്ട്. 2088 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. 56 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ആന്ധ്രാപ്രദേശ്, രാജസ്ഥാന്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ പുതിയ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊറോണ രോഗികള്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. 335 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്ര കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ളത് തമിഴ്നാട്ടിലാണ്.
309 പേര്‍ക്കാണ് തമിഴ്നാട്ടില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. തുടക്കത്തില്‍ ഏറ്റവും കുറവ് കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു തമിഴ്നാട്. എന്നാല്‍ നിസാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത ശേഷം തിരിച്ചു വന്നവരില്‍ നിന്നും വൈറസ് കൂടുതല്‍ ആളുകളിലേക്ക് പകര്‍ന്നതോടെ സംസ്ഥാനത്ത് രോഗികളുടെ എണ്ണം വര്‍ധിച്ചു. സംസ്ഥാനത്ത കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നവരില്‍ 85 ശതമാനം ആളുകളും തബ്ലീഗില് പങ്കെടുത്തവരും ഇവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരുമാണ്.
തമിഴ്നാടിന് തൊട്ടുപിന്നാലെ കേരളവും, ഡല്‍ഹിയും ഇടംപിടിച്ചിട്ടുണ്ട്. കഴിഞ്ഞ ഒന്‍പത് മണിക്കൂറിനുള്ളില്‍ മാത്രം 67 പേര്‍ക്കാണ് ഡല്‍ഹിയില്‍ വൈറസ് ബാധയുള്ളതായി കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ മണിക്കൂറുകളില്‍ രാജ്യത്ത് 235 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
രോഗികളുടെ മാത്രമല്ല രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണത്തിലും മുന്പിലുള്ളത് മഹാരാഷ്ട്രയാണ്. വൈറസ് ബാധയെ തുടര്‍ന്നുള്ള 16 മരണങ്ങളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗുജറാത്ത് ഏഴ്, മധ്യപ്രദേശ് ആറ്, പഞ്ചാബ് നാല്, കര്‍ണ്ണാടക മൂന്ന്, പശ്ചിമ ബംഗാള്‍ മൂന്ന്, ഡല്‍ഹി നാല്, ജമ്മു കശ്മീര്‍ രണ്ട്, ഉത്തര്‍പ്രദേശ് രണ്ട്, കേരള രണ്ട് എന്നിങ്ങനെയാണ് മരിച്ചവരുടെ കണക്കുകള്‍.