ലക്നൗ : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ ഏകോപിപ്പിക്കാന്‍ പോലീസിന് തടസ്സമുണ്ടാക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുമായി യോഗി സര്‍ക്കാര്‍. ഇത്തരക്കാര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമ പ്രകാരം കേസ് എടുക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. പോലീസുകാര്‍ വ്യാപകമായി ആക്രമണങ്ങള്‍ക്ക് ഇരയാകുന്ന സാഹചര്യത്തിലാണ് കര്‍ശന നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.
കൊറോണ വൈറസ് വ്യാപനത്തിന്റെ ഗൗരവം മനസ്സിലാക്കാതെയുള്ള ജനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ലോക്ക് ഡൗണ്‍ ഏകോപിപ്പിക്കാനുളള പോലീസുകാരുടെ നടപടികള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നുണ്ട്. പുറത്തിറങ്ങരുതെന്നും കൂട്ടം കൂടരുതെന്നും സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടും പലരും ഇത് പാലിക്കുന്നില്ല. കൂടാതെ വീടുകളിലേക്ക് തിരിച്ച പോകണമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ അവരെ ആക്രമിക്കുന്ന സാഹചര്യവുമാണ് ഉള്ളത്. നേരത്തെ വിലക്കു ലംഘിച്ചുള്ള നമാസ് പ്രാര്‍ത്ഥന തടയാന്‍ എത്തിയ പോലീസ് ഉദ്യോഗസ്ഥരെ ആളുകള്‍ മര്‍ദ്ദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടികള്‍ കടുപ്പിച്ചത്.
ജനങ്ങളുടെ സംരക്ഷണത്തിനായാണ് പോലീസ് ആളുകളോട് വീടുകളിലേക്ക് മടങ്ങാന്‍ പറയുന്നതെന്ന് ആഭ്യന്തര വിഭാഗം അധികൃതര്‍ അറിയിച്ചു. എന്നാല്‍ വ്യാപകമായി പോലീസ് ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെടുന്ന സ്ഥിതിവിശേഷമാണ് നിലവില്‍ ഉള്ളത്. ഇത്തരക്കാര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസ് എടുക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും അധികൃതര്‍ വ്യക്തമാക്കി.