കല്യാണ ആഘോഷങ്ങൾക്കും മറ്റ് പലതരത്തിലുള്ള വിനോദ പരിപാടികൾക്കും ഏർപ്പെടുത്തിയ വിലക്ക് തുടരുമെന്ന് അബുദാബി സാംസ്കാരിക വിനോദ സഞ്ചാര വകുപ്പ് അറിയിച്ചു. പൊതുജനാരോഗ്യവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിലക്ക് തുടരാൻ ഉത്തരവിറക്കിയിരിക്കുന്നത്. ഇതോടൊപ്പം ഉല്ലാസബോട്ടുകൾ, മരുഭൂമിയിലെ ക്യാമ്പുകൾ, സഫാരി ടൂറുകൾ, ഫ്ലോട്ടിങ് ഭക്ഷണശാലകളുടെ പ്രവർത്തനം എന്നിവയ്ക്ക് ഏർപ്പെടുത്തിയ വിലക്കും നീട്ടി. നിശാക്ലബ്ബുകളടക്കമുള്ള ആഘോഷ കേന്ദ്രങ്ങൾക്ക് മാർച്ച് 19 മുതലാണ് യു.എ.ഇയിൽ പ്രവർത്തന വിലക്ക് ഏർപ്പെടുത്തിയത്. ഇനിയൊരറിയിപ്പുണ്ടാവുന്ന വരെ ഇവയുടെയെല്ലാം പ്രവർത്തനത്തിന്റെ വിലക്ക് നിലനിൽക്കും. സാംസ്കാരിക വിനോദ സഞ്ചാര വകുപ്പ് പ്രതിനിധികളുടെ പരിശോധനകൾ കൃത്യമായ ഇടവേളകളിൽ ഇത്തരം കേന്ദ്രങ്ങളിൽ തുടരും. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ നടപടികൾ നേരിടേണ്ടിവരുമെന്നും വകുപ്പ് വ്യക്തമാക്കി.
—