തിരുവനന്തപുരം: ബാങ്കുകളിലോ എടിഎമ്മിലോ പോകാതെ പോസ്റ്റുമാന് വഴി പണം വീട്ടിലെത്തിക്കാനുള്ള സൗകര്യം ഒരുങ്ങുന്നു. ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചവര്‍ക്കാണ് ഈ സൗകര്യം ലഭിക്കുക. പണം ആവശ്യമുള്ളവര്‍ പോസ്റ്റ് ഓഫീസില്‍ വിവരം അറിയിച്ചാല്‍ പോസ്റ്റ് മാന്‍ വീട്ടിലെത്തി പണം കൈമാറും. ഇത് സംബന്ധിച്ച ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി. സംസ്ഥാനത്തെ പോസ്റ്റ് മാസ്റ്റര്‍ ജനറലിന്റെ നിര്‍ദ്ദേശം അംഗീകരിച്ചു കൊണ്ടാണ് സര്‍ക്കാര്‍ പുതിയ ഉത്തരവ് ഇറക്കിയത്.
143 ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും പണം പിന്‍വലിക്കാന്‍ കഴിയും. ഇതില്‍ സഹകരണ ബാങ്കുകള്‍ ഉള്‍പ്പെടില്ല. ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് വിരലടയാളം പതിപ്പിച്ചായിരിക്കും പണം കൈമാറുക. ബാങ്കുകളിലെ തിരക്ക് കുറയ്ക്കാനാണ് സര്‍ക്കാര്‍ പുതിയ പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്. മാത്രമല്ല അടുത്ത ആഴ്ച്ച മുതല്‍ ബാങ്കുകളുടെ പ്രവര്‍ത്തന സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. അടുത്ത ആഴ്ച്ച മുതല്‍ രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് രണ്ടു മണി വരെയാകും ബാങ്കുകള്‍ പ്രവര്‍ത്തിക്കുക.