ദോഹ* ഖത്തറില്‍ കോവിഡ്19 സ്ഥിരീകരിച്ചത് 250 പേരില്‍. ഇതോടെ കൊറോണ ബാധിതരുടെ എണ്ണം 1,325 ആയി. പൂര്‍ണമായി സുഖപ്പെട്ട 16 പേര് ഇന്ന് ആശുപത്രി വിട്ടു. ഇതുവരെ 109 പേരാണ് രോഗമുക്തരായത്. 1213 പേരാണ് നിവില്‍ ചികിത്സയിലുള്ളത്. പൊതുജനാരോഗ്യ മന്ത്രാലയമാണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടത്. വിദേശത്തു നിന്നെത്തിയവരും രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയ പ്രവാസികളും രോഗം സ്ഥിരീകരിച്ചവരിലുണ്ട്.
ഒരാഴ്ചക്കുള്ളിലാണ് ഖത്തറില്‍ രോഗബാധിതര്‍ ഇരട്ടിയിലേറെയായത്. മാര്‍ച്ച് 29ന് 529 പേരായിരുന്നു ചികില്‍സയില്‍. അന്നാണ്് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തതും. രോഗം ഇരട്ടിച്ചതിനൊപ്പം മരണവും മൂന്നായി. മരിച്ച മൂവരും മറ്റ് അസുഖങ്ങള്‍ക്ക് ദീര്‍ഘനാളായി ചികില്‍സയില്‍ കഴിഞ്ഞിരുന്ന പ്രവാസികളാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,538 പേരെയാണ് കോവിഡ് പരിശോധനക്കു വിധേയമാക്കിയത്. ഇതുവരെയായി 31,951 പേരില്‍ പരിശോധന നടത്തി. ജനസംഖ്യാനുപാതികമായി നോക്കുമ്പോള്‍ പരിശോധനയില്‍ ആഗോളതലത്തില്‍ ഏറെ മുമ്പിലാണ് ഖത്തര്‍. ഏറ്റവും ആധുനികമായ പരിശോധനാ കിറ്റുകളാണ് ഉപയോഗിക്കുന്നത്. സ്വദേശികളെന്നോ പ്രവാസികളെന്നോ വേര്‍തിരിവില്ലാതെ എല്ലാ രോഗികള്‍ക്കും സൗജന്യ ചികിത്സ ലഭ്യമാണ്. ഒരു രോഗിക്ക് ഒരു മുറി, അതിതീവ്രപരിചരണത്തിലല്ലാത്തവര്ക്ക് മുറിയില്‍ ടിവി, ഇന്റര്‍നെറ്റ് സൗകര്യങ്ങളും ലഭ്യമാണ്.
സമ്പര്‍ക്കവിലക്കില്‍ കഴിയുന്നവര്‍ ആരോഗ്യപ്രവര്‍ത്തകര്‍ നല്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായി അനുസരിക്കണമെന്നും ക്വാറന്റൈന് ലംഘിച്ചാല്‍ കടുത്ത നിയമനടപടി നേരിടേണ്ടിവരുമെന്നും ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പു നല്കി. കോവിഡ്19 സംബന്ധിച്ച സംശയങ്ങള്‍ക്കും ചികിത്സാസേവനങ്ങള്‍ക്കും 16000 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കാം.