ഡബ്ലിന്‍: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് രാജ്യത്തിനു പുറത്ത് രണ്ട് മലയാളികള്‍ കൂടി മരിച്ചു. അയര്‍ലന്റിലും ന്യൂയോര്‍ക്കിലുമാണ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അയര്‍ലാന്റില്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുകയായിരുന്ന നഴ്സും, ന്യൂയോര്‍ക്കില്‍ വിദ്യാര്‍ത്ഥിയുമാണ് മരിച്ചത്.
കോട്ടയം കുറുപ്പന്തറ സ്വദേശിനി ബീനയാണ് അയര്‍ലന്റില്‍ രോഗബാധയെ തുടര്‍ന്ന് മരിച്ചത്. ബീനയുടെ കുടുംബം മരണ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്.
തിരുവല്ല കടപ്ര വലിയ പറമ്പില്‍ ഷോണ്‍ എബ്രഹാമാണ് രോഗം ബാധിച്ച് ന്യൂയോര്‍ക്കില്‍ മരിച്ചത്. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയില്‍ ആയിരുന്നു വിദ്യാര്‍ത്ഥിയായ ഷോണ്‍. ഇതിനിടെ കഴിഞ്ഞ ദിവസം രാത്രി രോഗം വീണ്ടും മൂര്‍ച്ഛിച്ചു. തുടര്‍ന്ന് എല്മണ്ഡിലെ ആശുപത്രിയില്‍ വെച്ച് മരണപ്പെടുകയായിരുന്നു.
കൊറോണ വൈറസ് ബാധിച്ച് സൗദിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന യുവാവ് മരിച്ച വിവരം നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് മലയാളികള്‍ കൂടി മരിച്ചതായുള്ള വിവരം പുറത്തുവരുന്നത്. മലപ്പുറം ചെമ്മാട് സ്വദേശി സഫ്വാനാണ് സൗദിയില്‍ കൊറോണ ബാധിച്ച് മരിച്ചത്. പനിയും തൊണ്ടവേദനയുമായി സൗദി ജര്‍മ്മന്‍ ആശുപത്രിയില്‍ എത്തിയ സഫ്വാന് കൊവിഡ് സ്ഥിരീകരിച്ചത് വെള്ളിയാഴ്ച വൈകുന്നേരമാണ്.