ലണ്ടൻ: കൊറോണ വൈറസിന് കാരണം 5ജി ആണെന്ന വ്യാജ വാർത്തകൾക്കു പിന്നാലെ യുകെയിലെ ജനങ്ങൾ മൊബൈൽ ടവറുകൾ കത്തിച്ചു. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിലെ നിരവധി ടവറുകൾക്ക് ജനങ്ങൾ തീയിട്ടതോടെ അവശ്യ സർവീസുകൾ തടസപ്പെട്ടു. സമൂഹ മാദ്ധ്യമങ്ങൾ വഴിയാണ് ഇത്തരം വ്യാജ വാർത്തകൾ പ്രചരിച്ചത്.
ബർമിംഗ്ഹാം, ലിവർപൂൾ, മെല്ലിംഗ്, മേഴ്സിസൈഡ് എന്നിവിടങ്ങളിലാണ് മൊബൈൽ ടവറുകൾ കേന്ദ്രീകരിച്ച് ആക്രമണങ്ങൾ ഉണ്ടായത്. രാജ്യത്ത് കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ ഇത്തരം വാർത്തകൾ പ്രചരിക്കുന്നത് ജനങ്ങളെ കൂടുതൽ ആശങ്കയിലാക്കിയിരിക്കുകയാണ്.
അതേസമയം, കൊറോണ പടരാൻ കാരണം 5ജി ആണെന്ന വ്യാജ വാർത്തക്ക് ഒരു അടിസ്ഥാനവും ഇല്ലെന്ന് ദേശീയ മെഡിക്കൽ ഡയറക്ടർ സ്റ്റീഫൻ പോവിസ് പറഞ്ഞു. മൊബൈൽ നെറ്റ് വർക്കുകൾ ഏറ്റവും ആവശ്യമായ സമയമാണിതെന്നും ഒരു ജനത മുഴുവൻ അവശ്യ സർവീസുകൾക്കായി മൊബൈൽ നെറ്റ് വർക്കുകളെ ആശ്രയിക്കുമ്പോൾ ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ ചെയ്യുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.