ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് പിന്തുണയുമായി വിദേശ നയതന്ത്ര കാര്യാലയങ്ങള്‍. നേപ്പാള്‍, ഭൂട്ടാന്, ബംഗ്ലാദേശ്, മാലിദ്വീപ്, അഫ്ഗാനിസ്താന് സ്ഥാനപതിമാര്‍ ദീപം തെളിയിക്കലില്‍ പങ്കാളികളാകുമെന്ന് അറിയിച്ചു.
കൊറോണ വൈറസ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ പിന്തുണച്ച് രാത്രി 9 മണിക്ക് ലൈറ്റുകള്‍ ഓഫാക്കുകയും മെഴുകുതിരി കത്തിക്കുകയും ചെയ്യുമെന്ന് അഫ്ഗാന് സ്ഥാനപതി താഹിര്‍ ഖാദിരി വ്യക്തമാക്കി. സാമൂഹിക അകലം പാലിക്കാനും ശരിയായ മുന്‍കരുതലുകള്‍ പാലിക്കാനും എല്ലാവര്ക്കും പ്രതിജ്ഞയെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.
വിയറ്റ്നാം, ജപ്പാന്, ഇസ്രായേല്‍, ജര്‍മ്മനി, ടുണീഷ്യ, പോളണ്ട്, ഓസ്ട്രേലിയ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിലെ സ്ഥാനപതികളും പ്രധാനമന്ത്രിയുടെ ആഹ്വാനത്തില്‍ പങ്കുചേരുമെന്ന് അറിയിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ആക്ടിംഗ് ഹൈക്കമ്മീഷണര്‍ ജാന്‍ തോംസണും നരേന്ദ്ര മോദിയുടെ ആഹ്വാനത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.