ലണ്ടന്‍: ബ്രിട്ടനില്‍ കൊറോണ ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് എലിസബത്ത് രാജ്ഞി. വിന്‍സര്‍ കൊട്ടാരത്തില്‍ മുന്‍കൂട്ടി റെക്കോര്‍ഡ് ചെയ്ത സന്ദേശം ടെലിവിഷന്‍ ,റേഡിയോ,സോഷ്യല്‍ മീഡിയ എന്നിവയിലൂടെ പുറത്ത് വിടുകയായിരുന്നു.
ബ്രിട്ടീഷ് സമയം രാത്രി 8 നാണ് രാജ്ഞി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. കൊറോണക്കെതിരായ പോരാട്ടം ജയിക്കുമെന്നും ഈ പ്രതിസന്ധിയെ ആത്മവിശ്വാസത്തോടെ തരണം ചെയ്യണമെന്നും രാജ്യത്തെ ജനങ്ങളോട് രാജ്ഞി ആഹ്വാനം ചെയ്തു. എല്ലാ വ്യാഴാഴ്ചയും വൈകീട്ട് ആരോഗ്യ പ്രവര്‍ത്തകരെ ബ്രീട്ടീഷ് ജനത കൈയ്യടിച്ച് അഭിനന്ദിക്കുന്നതും രാജ്ഞി അഭിസംബോധനയില്‍ എടുത്തു പറഞ്ഞു.
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനമേകുന്ന ഈ രീതി ദേശീയ ബോധം വിളിച്ചോതുന്നതാണെന്ന് രാജ്ഞി വ്യക്തമാക്കി. രണ്ടാം ലോക മഹായുദ്ധ കാലത്ത് സഹോദരി മാര്‍ഗരറ്റ് രാജകുമാരിയുമൊത്ത് വിന്‍സര്‍ കൊട്ടാരത്തില്‍ നിന്ന് തന്നെ നടത്തിയ ആദ്യ റേഡിയോ പ്രക്ഷേപണത്തെ ഈ അവസരത്തില്‍ ഓര്‍ക്കുന്നതായും രാജ്ഞി പറഞ്ഞു.
68 വര്‍ഷത്തെ ഭരണകാലത്തിനിടെ അഞ്ചാം തവണയാണ് രാജ്ഞി ബ്രിട്ടനെ ഇത്തരത്തില്‍ പ്രത്യേകമായി അഭിസംബോധന ചെയ്തത്. നമ്മള് ഇനിയും കാണും എന്ന് പറഞ്ഞാണ് രാജ്ഞി തന്റെ വാക്കുകള്‍ അവസാനിപ്പിച്ചത്.