ന്യൂഡല്‍ഹി: കൊറോണ വൈറസുമായി ബന്ധപ്പെട്ട് ഇന്ത്യയെടുത്ത തീരുമാനങ്ങളെ ലോകം അംഗീകരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒറ്റക്കെട്ടായാണ് വൈറസിനെതിരെ ഇന്ത്യ പോരാടുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭാരതീയ ജനതാ പാര്‍ട്ടിയുടെ നാല്പതാം വാര്‍ഷികത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്രധാനമന്ത്രി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തത്.
വൈറസിനെതിരെയുള്ള പോരാട്ടം ഒരു യുദ്ധം തന്നെയാണ്. യുദ്ധത്തിനിടെ തളരാനോ വീഴാനോ പാടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. വൈറസ് പ്രതിരോധത്തിനായി തുണികൊണ്ടുള്ള മുഖാവരണം എല്ലാവരും അണിയണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കൊറോണയെ പ്രതിരോധിക്കാന്‍ ഇനി സജീവമാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് ആരും പട്ടിണി കിടക്കുന്നില്ലെന്ന് ബിജെപി പ്രവര്‍ത്തകര്‍ ഉറപ്പ് വരുത്തണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.