തിരുവനന്തപുരം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണിന് ശേഷവും സംസ്ഥാനത്തെ ചില ജില്ലകളില്‍ നിയന്ത്രണം തുടരുമെന്ന് സൂചന. കാസര്‍കോട്,കണ്ണൂര്‍,കോഴിക്കോട്, മലപ്പുറം, തുശൂര്‍, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് നിയന്ത്രണങ്ങള്‍ തുടരാന്‍ സാധ്യതയുള്ളത്. എട്ട് ജില്ലകളിലും കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ തുടരുമെന്ന സൂചനകള്‍ പുറത്തുവരുന്നത്.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ നടപടിയുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ഏപ്രില്‍ 14 നാണ് അവസാനിക്കുന്നത്. എന്നാല്‍ കൊറോണ ബാധിതര്‍ അധികമുള്ള ജില്ലകളില്‍ നിയന്ത്രണങ്ങള്‍ തുടരാനാണ് കേന്ദ്ര നിര്‍ദ്ദേശമെങ്കില്‍ അത് പാലിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
രാജ്യത്ത് 82 ശതമാനത്തിലധികം രോഗികളുള്ള 62 ജില്ലകളില്‍ ലോക്ക് ഡൗണിന് ശേഷവും നിയന്ത്രണങ്ങള്‍ തുടരുമെന്നാണ് കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. കൊറോണ ബാധിതര്‍ അധികമുള്ള 62 ഹോട്ട്സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ എട്ട് ജില്ലകളാണ് ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
അതേസമയം കേന്ദ്ര മന്ത്രി സഭയുടെ സമ്പൂര്‍ണ്ണയോഗം ഇന്ന് ചേരുന്നുണ്ട്. ഇതില്‍ ജില്ലകളില്‍ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ടതടക്കമുള്ള തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന.