മലപ്പുറം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന് ആശ്വാസമായി ഒരാള്‍ കൂടി ആശുപത്രി വിട്ടു. രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുകയായിരുന്ന മലപ്പുറം വണ്ടൂര്‍ സ്വദേശിനിയാണ് ആശുപത്രി വിട്ടത്. ഇവര്‍ക്ക് ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ യാത്ര അയപ്പ് നല്കി.
മാര്‍ച്ച് 16 നാണ് വണ്ടൂര്‍ സ്വദേശിനിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇവരെ മഞ്ചേരി ഗവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉംറ കഴിഞ്ഞ മടങ്ങിയെത്തിയ ശേഷമാണ് ഇവര്‍ രോഗബാധ പ്രടകടിപ്പിക്കാന് ആരംഭിച്ചത്. വണ്ടൂര്‍ സ്വദേശിനിക്കൊപ്പം ഉംറ കഴിഞ്ഞെത്തിയ മറ്റൊരു സ്ത്രീക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ജില്ലയില്‍ ആദ്യം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് ഇവര്‍ക്കാണ്.
അതേസമയം കേരളത്തില്‍ 314 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ 256 പേര് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,58,617 പേര് നിരീക്ഷണത്തിലുണ്ട്. ഇവരില്‍ 1,57,841 പേര് വീടുകളിലും 776 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്.