വിശാഖപട്ടണം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ താത്കാലിക വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ച് കമ്മ്യൂണിസ്റ്റ് ഭീകരര്‍. സുരക്ഷാ സേനയ്ക്ക് നേരെ ആക്രമണമുണ്ടാകില്ലെന്നറിയിച്ചുകൊണ്ടുള്ള പ്രസ്താവന പുറപ്പെടുവിച്ചു. സിപിഐ മാവോയിസ്റ്റ്, മാല്‍ക്കന്‍ഗിരി-കൊറാപുട്- വിശാഖ ഡിവിഷണല്‍ കമ്മിറ്റി സെക്രട്ടറി കൈലാസത്തിന്റെ പേരിലാണ് പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്.
തെലുങ്ക് ഭാഷയില്‍ തയ്യാറാക്കിയ പ്രസ്താവന മാദ്ധ്യമങ്ങള്‍ക്കും വിതരണം ചെയ്തിട്ടുണ്ട്. സിപിഐ കമ്മ്യൂണിസ്റ്റ് ഭീകരര്‍, പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ലാ ആര്‍മി മറ്റ് വിഭാഗങ്ങള്‍ എന്നിലയില്‍ നിന്നും സുരക്ഷാ സേനയ്ക്ക് നേരെ ആക്രമണം ഉണ്ടാകില്ലെന്നാണ് പ്രസ്താവനയില്‍ പറഞ്ഞിരിക്കുന്നത്. അതേസമയം സുരക്ഷാ സേനയില്‍ നിന്നും ആക്രമണം ഉണ്ടായാല്‍ തിരിച്ചടി നല്‍കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ശുചിത്വം പാലിക്കണമെന്ന് ആവശ്യപ്പെട്ട് ഭീകരര്‍ വിശാഖപട്ടണത്തെ ചിലയിടങ്ങളില്‍ പോസ്റ്ററുകളും പതിപ്പിച്ചിട്ടുണ്ട്. ജനങ്ങള്‍ നിരന്തരം സോപ്പോ, സാനിറ്റൈസറോ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കണമെന്ന് ഭീകരര്‍ ആവശ്യപ്പെട്ടു. മാസ്ക്ക് ധരിക്കണം, വിവാഹങ്ങളും മറ്റ് ആഘോഷങ്ങളും മാറ്റിവെക്കണം. സാമൂഹിക അകലം പാലിക്കണം. രോഗ ലക്ഷണങ്ങള്‍ പ്രകടമായാല്‍ ആശുപത്രിയില്‍ പോകണം. തുറസ്സായ സ്ഥലത്ത് തുപ്പരുത്. ശുചിത്വം പാലിക്കണം. തിളപ്പിച്ച് ആറിയ വെള്ളം കുടിക്കണമെന്നും കമ്മ്യൂണിസ്റ്റ് ഭീകരര്‍ പതിപ്പിച്ച പോസ്റ്ററുകളില്‍ പറയുന്നു.