ന്യൂഡല്‍ഹി: രാജ്യം മാത്രമല്ല ലോകം മുഴുവന്‍ കഠിനമായ സമയത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതീയ ജനതാ പാര്‍ട്ടിയുടെ നാല്പതാം വാര്‍ഷികത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു
അദ്ദേഹം. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്രധാനമന്ത്രി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തത്.
മാനവികത ഇപ്പോള്‍ വലിയ പ്രതിസന്ധിയെ നേരിടുകയാണ്. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് രാജ്യ സേവനത്തിനുള്ള നമ്മുടെ സമര്‍പ്പണമാണ് നമ്മുടെ പാത തെളിയിക്കുന്നത്. സമഗ്രമായ സമീപനത്തിലൂടെ ഇന്ത്യ അതിവേഗം പ്രവര്‍ത്തിച്ചിട്ടുണ്ട്. എല്ലാ രാജ്യങ്ങളും കൊറോണക്കെതിരായ പോരാട്ടത്തില്‍ ഒന്നിച്ചുണ്ട്. അതിനാല്‍ സാര്‍ക്ക് ,ജി 20 എന്നീ യോഗങ്ങളില്‍ ഇന്ത്യക്ക് സജീവ പങ്കാളിത്തം വഹിക്കാനായി.
കൊറോണ വൈറസിനെ നേരിടാന്‍ ഇന്ത്യയുടെ പരിശ്രമങ്ങള്‍ ലോകത്തിന് തന്നെ മാതൃകയായി. രോഗത്തിന്റെ ഗൗരവം മനസ്സിലാക്കിയ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അതിനെതിരെ സമയബന്ധിത നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ലോക്ക് ഡൗണ്‍ കാലത്ത് ഇന്ത്യയിലെ ജനങ്ങള്‍ കാണിക്കുന്ന പക്വത അത്ഭുതാവഹമാണ്. ഇന്ത്യക്കാര്‍ ഇങ്ങനെ അച്ചടക്കത്തോടെ പെരുമാറുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. കൊറോണ മഹാമാരിക്കെതിരായ ദീര്‍ഘകാല യുദ്ധമാണിത്. നമ്മള് ആരും തന്നെ ഇതില്‍ വിശ്രമിക്കാന്‍ പാടില്ല. നമ്മുക്ക് വിജയം കൈവരിക്കേണ്ടതുണ്ട്. ഇന്ന് രാജ്യത്തിന് ഒരേയൊരു ലക്ഷ്യവും നിശ്ചയദാര്ഢ്യവുമേയുള്ളു. അത് കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ വിജയിക്കുക എന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്നലെ രാത്രി 9 മണിക്ക് 130 കോടി വരുന്ന ഇന്ത്യക്കാരുടെ ഐക്യവും ശക്തിയും നമ്മള് കണ്ടു. കൊറോണക്കെതിരായ പോരാട്ടത്തില്‍ രാജ്യത്തിന്റെ എല്ലാ ഭാഗത്ത് നിന്നും എല്ലാ വിഭാഗങ്ങളില്‍പ്പെട്ടവരും വിവിധ പ്രായത്തിലുള്ളവരും ഒന്നിച്ചുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. എല്ലാഴ്പ്പോയും മാസ്ക്ക് ധരിക്കണമെന്ന കാര്യം എല്ലാവരും ഓര്‍മ്മിക്കണം. വീട്ടിലിരിക്കുമ്പോള്‍ പോലും മുഖം മറയ്ക്കണം.സാമൂഹിക അകലം പാലിക്കുക,അച്ചടക്കം പാലിക്കുക എന്നിവയാണ് ലോകത്തിന്റെ ഇപ്പോഴത്തെ മന്ത്രം.
സര്‍ക്കാര്‍ ആരോഗ്യ സേതു എന്ന ആപ്പ് വികസിപ്പിച്ചിട്ടുണ്ട്. എല്ലാവരും ഇക്കാര്യം മറ്റുള്ളവരെ അറിയിക്കണം. ഓരോരുത്തരും 40 പേരോടെങ്കിലും ഫോണില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. ആപ്പിലൂടെ രോഗം ബാധിച്ചേക്കാവുന്നതുള്പ്പെടെയുള്ള വിവരങ്ങള്‍ ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കൂടാതെ പിഎം കെയേഴ്സ് ഫണ്ടിലേക്ക് എല്ലാ ബിജെപി പ്രവര്‍ത്തകരും സംഭാവന ചെയ്യണമെന്നും ഓരോരുത്തരും കുറഞ്ഞത് 40 പേരെ ഇതിനായി പ്രേരിപ്പിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.