കൊറോണ ബാധിച്ച് മുംബയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മലയാളി നഴ്സിന്റെ നില ഗുരുതരം. ഇവര്‍ ബാന്ദ്രയിലെ ലീലാവതി ആശുപത്രിയില്‍ ചികിത്സയിലാണ്. മുംബയിലെ വോക്ക്ഹാര്‍ട്ട് ആശുപത്രിയിലെ 40 മലയാളി നഴ്സുമാര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് ഉള്ളത്.
വോക്ക് ഹാര്‍ട്ട് ആശുപത്രിയില്‍ മലയാളി നഴ്സുമാര്‍ക്ക് രോഗം സ്ഥിരീകരിച്ചെങ്കിലും ഈ വിവരം പുറത്ത് വിടാനോ, ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ ക്വാറന്റൈന് ചെയ്യാനോ ആശുപത്രി മാനേജ്മെന്റ് തയ്യാറാവുന്നില്ല എന്ന വാര്‍ത്ത ജനം ടി.വി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആശുപത്രി അധികൃതരുടെ ഈ അനാസ്ഥയാണ് കൂടുതല്‍ പേരിലേക്ക് രോഗം പടരാന്‍ കാരണമായത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ വൈറസ് വ്യാപനം ഉണ്ടായതോടെ ആശുപത്രി അടച്ചുപൂട്ടി. വോക്ക് ഹാര്‍ട്ട് ആശുപത്രിയിലെ 150 ലധികം നഴ്സുമാരെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിട്ടുണ്ട്.
നഴ്സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബിഎംസിയാണ് ആശുപത്രി അടച്ചു പൂട്ടാന്‍ തീരുമാനിച്ചത്. ആശുപത്രിയില്‍ ഉള്ളവര്‍ക്ക് എങ്ങിനെ വൈറസ് ബാധയുണ്ടായി എന്ന് അന്വേഷിക്കുന്നതിനായി എക്സിക്യൂട്ടീവ് ഹെല്‍ത്ത് ഓഫീസറുടെ നേതൃത്വത്തില്‍ ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും രോഗം ബാധിച്ചത് സംബന്ധിച്ച് ആശുപത്രി അധികൃതര്‍ പ്രതികരിച്ചിട്ടില്ല.