കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സംസ്കൃതി ബഹ്റൈനും സജീവമായി. ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഭക്ഷ്യവസ്തുക്കളടങ്ങിയ കിറ്റുകൾ എത്തിച്ചു കൊടുക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ധാന്യങ്ങളും പഞ്ചസാരയും പാചക എണ്ണയും ഉൾപ്പെടെയുള്ള ആയിരം കിറ്റുകളാണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്യുന്നത്.
പ്രവാസികളിൽ നിരവധിയാൾക്കാർ നാട്ടിൽ നിന്നും കൊണ്ടുവരുന്ന മരുന്നുകളാണ് ഉപയോഗിക്കുന്നത്.
വിമാനയാത്ര നിലച്ചതോടേ ഇത്തരത്തിലുള്ള രോഗികൾ കടുത്ത പ്രതിസന്ധിയിലാണ്. ഇവർക്കുള്ള മരുന്നുകളുടെ ജനറിക് പേരുകൾ വിദഗ്ദ്ധ സഹായത്തോടെ കണ്ടെത്തി അവശ്യക്കാർക്ക് എത്തിച്ചു നൽകാനും സംസ്കൃതി സംവിധാനം ഒരുക്കിയിട്ടുണ്ട്.
ക്വാറൻ്റൈനിൽ കഴിയുന്ന വ്യക്തികളിൽ പലരും കടുത്ത മാനസിക സമ്മർദ്ദത്തിലാണുള്ളത്. ഇവർക്ക് ഫോൺ വഴി കൗൺസിലിംഗ് നൽകുന്നുണ്ട്.പ്രതിസന്ധിയിലായ ഇന്ത്യൻ പ്രവാസി സമൂഹത്തിന് കൈത്താങ്ങാവാനുള്ള സമഗ്ര പരിപാടികളാണ് സംസ്കൃതി ബഹ്റൈൻ ആസൂത്രണം ചെയ്തിരിക്കുന്നത്.