എന്ജമേന: ഛാഡിലെ ജയില്‍ ഭീകരരെ മരിച്ച നിലയില്‍ കണ്ടെത്തി. ബോക്കോ ഹറാം സംഘടനയില്‍പ്പെട്ട 44 ഭീകരരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഛാഡിലെ ചീഫ് പ്രോസിക്യൂട്ടര്‍ യൂസ്സഫ് ടോമാണ് മാദ്ധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്. വിഷം അകത്ത് ചെന്നാണ് 44 പേരും മരിച്ചിരിക്കുന്നത് എന്നും ടോം അറിയിച്ചു.
വ്യാഴാഴ്ച രാവിലെയാണ് ജയിലിനകത്ത് 44 ഭീകരരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. നാല് ഭീകരരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. പോസ്റ്റ്മോര്‍ട്ടത്തില്‍ നാല് പേരുടെയും ഉള്ളില്‍ വിഷ പദാര്‍ത്ഥത്തിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. ഹൃദയാഘാതത്തിനും ശ്വാസംമുട്ടലിനും കാരണാകുന്ന വിഷപദാര്‍ത്ഥത്തിന്റെ അംശങ്ങളാണ് ഇവരുടെ ശരീരത്തില്‍ നിന്നും കണ്ടെത്തിയത്. ബാക്കി 40 പേരുടെയും മൃത ദേഹങ്ങള്‍ സംസ്കരിച്ചു.
കഴിഞ്ഞയാഴ്ച ലേക്ക് ഛാഡില്‍ പ്രസിഡന്റ് ഇഡ്രിസ് ഡെബിയുടെ നേതൃത്വത്തില്‍ നടത്തിയ നീക്കത്തിനൊടുവിലാണ് ഭീകരരെ പിടികൂടിയത്. മൊത്തം 58 ഭീകരരെയാണ് സുരക്ഷ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. പിന്നീട് അന്വേഷണത്തിനായി ഇവരെ എന്ജമേനിലേക്ക് മാറ്റി അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയ 58 ഭീകരരെയും ഒരേ സെല്ലിലാണ് പാര്‍പ്പിച്ചിരുന്നത്. ഇവര്‍ ഭക്ഷണം കഴിക്കുന്നതിനും വെള്ളം കുടിക്കുന്നതിനും വിസമ്മതിച്ചിരുന്നു. മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരം ഇവര്‍ കൂട്ട ആത്മഹത്യ ചെയ്തതായാണ് നിഗമനം എന്നും ടോം വ്യക്തമാക്കി.
സംഭവത്തില്‍ ഛാഡ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജയിലിനകത്തെ ബാക്കിയുള്ള 13 തടവുകാരും സുരക്ഷിതരാണ്.