ഗാന്ധിനഗര്‍ : ഗുജറാത്തില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം മൂവായിരം കടന്നു. 3,071 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ന് 256 പേര്‍ക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെയാണ് സംസ്ഥാനത്ത് കൊറോണ രോഗികളുടെ എണ്ണം മൂവായിരം കടന്നത്.
ഇന്ന് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ആറ് പേരാണ് സംസ്ഥാനത്ത് മരിച്ചിരിക്കുന്നത്. ഇതോടെ വൈറസ് ബാധിച്ച് ഗുജറാത്തില്‍ മരിച്ചവരുടെ എണ്ണം 133 ആയി. 282 പേരാണ് ഇതുവരെ രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത് അഹമ്മദാബാദ് ജില്ലയിലാണ്. 2003 രോഗികളാണ് ജില്ലയില്‍ ഉള്ളത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 182 പേര് അഹമ്മദാബാദിലാണ് ഉള്ളത്. അഹമ്മദാബാദ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത് സൂറത്തിലാണ്. 496 പേര്‍ക്കാണ് സൂറത്തില്‍ രോഗം ബാധിച്ചിരിക്കുന്നത്. ഇന്ന് സൂറത്തില്‍ 34 പേര്‍ക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു.
ഏഴ് പേര്‍ക്കു കൂടി പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ വഡോദരയില്‍ മൊത്തം കൊറോണ ബാധിതരുടെ എണ്ണം 230 ആയി ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാനത്തെ ബാക്കി എല്ലാ ജില്ലകളിലും അമ്പതില്‍ താഴെ രോഗികളാണ് ഉള്ളത്. രാജ്കോട്ട് 41, ആനന്ദ് 36, ഭാവ് നഗര്‍ 35, ബറൂച്ച് 29 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്കുകള്‍.