ന്യൂഡല്‍ഹി: നഴ്സിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വടക്കന്‍ ഡല്‍ഹിയിലെ ഏറ്റവും വലിയ ആശുപത്രി അടച്ചു. വടക്കന്‍ ഡല്‍ഹി മുന്‍സിപ്പല്‍ കോര്പ്പറേഷന് കീഴിലുള്ള ഹിന്ദു റാവു ആശുപത്രിയാണ് അടച്ചത്. കെട്ടിടം പൂര്‍ണമായി അണുവിമുക്തമാക്കുന്നത് വരെ മുദ്രവെക്കാന്‍ ആശുപത്രി ഭരണകൂടം തീരുമാനിച്ചതായി അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ രണ്ടാഴ്ച്ചയായി ആശുപത്രിയിലെ വിവിധ വിഭാഗങ്ങളില്‍ കൊറോണ സ്ഥിരീകരിച്ച നഴ്സ് ഡ്യൂട്ടി ചെയ്തിരുന്നു. ഇന്നലെ വൈകിട്ടാണ് ഇവര്‍ക്ക് രോഗബാധ സ്ഥിരീകരിക്കുന്നത്. രോഗം ബാധിച്ച നഴ്സുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തിയതായും അധികൃതര്‍ വ്യക്തമാക്കി.
ഗൈനക്കോളജി വാര്‍ഡില്‍ ഏതാനും രോഗികളെ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അവര്‍ക്ക് വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും വടക്കന്‍ ഡല്‍ഹി മുന്‍സിപ്പല്‍ കോര്പ്പറേഷന് കമ്മീഷണര്‍ വര്‍ഷ ജോഷി പറഞ്ഞു. ചിലയിടങ്ങളില്‍ അശ്രദ്ധ ഉണ്ടായെന്നും സമഗ്രമായ അന്വേഷണം നടത്തുമെന്നും വര്‍ഷാ ജോഷി കൂട്ടിച്ചേര്‍ത്തു.