ന്യൂഡല്‍ഹി: പുരോഗതിയിലെത്തിയ സമൂഹത്തിന്റെ അടയാളമാണ് മാസ്കുകള്‍ ധരിക്കുന്ന സമ്പ്രദായമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ പരിപാടിയായ മന് കീ ബാത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കൊറോണ നമുക്ക് ചുറ്റും ഒരുപാട് മാറ്റങ്ങളുണ്ടാക്കി. മാസ്കുകള്‍ നമ്മുടെ നിത്യ ജീവിത്തിന്റെ ഭാഗമായി. മാസ്ക് ധരിക്കുന്നവര്‍ രോഗികള്‍ ആണെന്ന് അല്ല. മാസ്ക് ധരിക്കുക എന്നത് പുരോഗതി നേടിയ സംസ്കാരമുള്ള സമൂഹത്തിന്റെ ലക്ഷണമായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരും മാസ്ക് ധരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
പൊതു നിരത്തില്‍ തുപ്പുന്ന ശീലം മോശമാണെന്നും ഇത് മറ്റുള്ളവരുടെ ആരോഗ്യത്തിന് ഭീഷണിയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇനിയും വൈകിയിട്ടില്ല. പൊതുനിരത്തില്‍ തുപ്പുന്ന ശീലം ആളുകള്‍ ഒഴിവാക്കിയേ തീരൂ. ഇത് ശുചിത്വം ഉറപ്പാക്കുകയും കൊറോണയ്ക്ക് എതിരെയുള്ള പോരാട്ടത്തെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.