ബംഗളൂരു : കര്‍ണ്ണാടകയില്‍ ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ച ജെഡിഎസ് നേതാവിനും മകനുമെതിരെ കേസ്. ജെഡിഎസ് നിയമസഭാ കൗണ്‍സില്‍ അംഗം കെ.ടി ശ്രീകാന്ത് ഗൗഡ മകന് കൃഷിക്ക് എന്നിവര്‍ക്കെതിരായാണ് കേസ് എടുത്തത്. മര്‍ദ്ദിച്ചെന്ന ആരോഗ്യപ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്ന് മാണ്ഡ്യ പോലീസ് ആണ് നടപടി എടുത്തത്.
കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. മാണ്ഡ്യയിലെ അംബേദ്ക്കറില്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ കൊറോണ പരിശോധന നടത്തുന്നതിനിടെയാണ് ആരോഗ്യപ്രവര്‍ത്തകരെ നേതാവും മകനും ആക്രമിച്ചത്. കൊറോണ പരിശോധന നടക്കുന്നതായുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്ന് എത്തിയ ശ്രീകാന്ത് ഗൗഡ പരിശോധന നിര്‍ത്തി ആരോഗ്യപ്രവര്‍ത്തകരോട് മടങ്ങാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ മടങ്ങില്ലെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചതോടെ ഇയാളും മകനും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. പരിശോധന നടത്തുന്നതു വഴി പ്രദേശത്ത് കൊറോണ വൈറസ് വ്യാപനം ഉണ്ടാകുമെന്ന് പറഞ്ഞാണ് ശ്രീകാന്ത് ആരോഗ്യപ്രവര്‍ത്തകരോട് മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടത്. ഡോക്ടര്‍മാരും ആശാ പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ ആരോഗ്യപ്രവര്‍ത്തകരുടെ സംഘത്തില്‍ ഉണ്ടായിരുന്നു.
സംഭവത്തില്‍ പോലീസ് ഇരുവര്‍ക്കുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതേസമയം നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് ആരോഗ്യ പ്രവര്‍ത്തകരോട് കൊറോണ പരിശോധന നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടതെന്നാണ് ശ്രീകാന്ത് ഗൗഡയുടെ വാദം.