ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു. കുല്‍ഗാമിലെ ലോവര്‍ മുണ്ടാ പ്രദേശത്താണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്.
കഴിഞ്ഞ 12 മണിക്കൂറില്‍ ഇത് രണ്ടാം തവണയാണ് പ്രദേശത്ത് ഭീകരരുമായി ഏറ്റുമുട്ടല്‍ നടക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു. കൂടാതെ നാല് ജവാന്മാര്ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അടുത്ത ഏറ്റുമുട്ടല്‍ ഉണ്ടായത്.
പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് 9 രാഷ്ട്രീയ റൈഫിള്‍സ്, സിആര്‍പിഎഫ്, ഗുല്‍ഗാം പോലീസ് എന്നിവരുടെ സംയുക്ത സംഘം പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് ഭീകരരുടെ സംഘം ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം നടത്തിയത്. സുരക്ഷാ സേനയും ശക്തമായി തിരിച്ചടിച്ചു. ഏറ്റുമുട്ടലില്‍ ഭീകരരെ വളഞ്ഞതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഇവരെയാണ് വധിച്ചതെന്നാണ് സൂചന. കഴിഞ്ഞ ദിവസം ഇന്നുമായി സുരക്ഷാ സേന വധിച്ച ഭീകരരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരില്‍ ഭീകരരുടെ സാന്നിധ്യം വര്‍ധിച്ചിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണമായി ഏര്‍പ്പെട്ടത് ഭീകരര്‍ തങ്ങള്‍ക്ക് അനുകൂലമാക്കുന്നുണ്ടെന്നാണ് സൂചന. കഴിഞ്ഞ മാസത്തിനിടെ നിരവധി ഭീകരരെയാണ് സൈന്യം വധിച്ചിരിക്കുന്നത്.