പത്തരയോടെ അബുദാബിയിൽ പെയ്ത് തുടങ്ങിയ മഴ ഇടവെട്ടിടവിട്ട് ദിവസം മുഴുവനും നീണ്ടു. അബുദാബി, വ്യവസായ നഗരമായ മുസഫ, പടിഞ്ഞാറൻ പ്രവശ്യയായ സില, അൽ ഗാർബിയ തുടങ്ങിയ ഭാഗങ്ങളിലും അൽ ഐനിലും ശക്തമായ മഴ ലഭിച്ചു. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റും രാവിലെ മുതൽ വീശി. കഴിഞ്ഞ ദിവസങ്ങളിൽ കാര്യമായ ചൂട് അനുഭവപ്പെട്ട പ്രദേശങ്ങളിലെല്ലാം മഴയോടെ തണുപ്പ് നിറഞ്ഞു. വരും ദിവസങ്ങളിലും സമാനമായ കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വാഹനവുമായി പുറത്തിറങ്ങുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് അബുദാബി പോലീസ് ഗതാഗത വകുപ്പ് നിർദേശിച്ചു. കാറ്റും മഴയുമുള്ളപ്പോൾ അനാവശ്യമായി പുറത്തിറങ്ങരുതെന്നും ജനങ്ങളോട് പോലീസ് ആവശ്യപ്പെട്ടു.