ദോഹ* കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഖത്തറില്‍ കോവിഡ്-19 സ്ഥിരീകരിച്ചത് 845 പേര്‍ക്ക്. മുന്‍ദിവസങ്ങളേക്കാള്‍ പുതിയ രോഗികള്‍ കൂടുന്നത് ആശങ്കാജനകമെങ്കിലും ഏതാനും ദിവസങ്ങളായി മരണമില്ലെന്നത് ആശ്വാസകരമാണ്. 12,027 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 129 പേര് രോഗമുക്തരായി. ഇതോടെ സുഖംപ്രാപിച്ചവരുടെ ആകെ എണ്ണം 1,349 ആയി. എട്ടു പ്രവാസികള്‍ ഉള്‍പ്പെടെ10 പേരാണ് ഇതുവരെ മരണത്തിനു കീഴടങ്ങിയത്.
ഇപ്പോള്‍ രോഗം സ്ഥിരീകരിക്കുന്നവരിലേറെയും പ്രവാസികളാണ്. രോഗികളുമായി സമ്പര്‍ക്കത്തിലായവരാണ് ഇവരില്‍ അധികവും. ഖത്തറില്‍ 13,409 പേരാണ് ഇതുവരെ കോവിഡ് ബാധിതരായത്. രോഗികള്‍ കൂടുന്ന പശ്ചാത്തലത്തില്‍ പൊതുസ്ഥലങ്ങളിലും നിര്‍മാണ യൂണിറ്റുകളിലും ഷോപ്പിങ് കേന്ദ്രങ്ങളിലും മാസ്ക് നിര്‍ബന്ധമാക്കി.
ജോലിക്കാര്‍ മുഖാവരണം ധരിക്കുന്നുണ്ടോ എന്നറിയാന്‍ തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ കണ്‍സ്ട്രക്ഷന്‍ സൈറ്റുകളില്‍ വ്യാപക പരിശോധന നടത്തുന്നുണ്ട്. നിയമ ലംഘനം കണ്ടെത്തിയ രണ്ടു കമ്പനികള്‍ക്കെതിരെ നടപടിയെടുത്തതായും മന്ത്രാലയം വ്യക്തമാക്കി. തൊഴിലാളികള്‍ മാസ്ക് ധരിക്കുന്നു എന്നുറപ്പാക്കേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്വമാണ്. വീഴ്ചവരുത്തിയാല്‍ മൂന്നു വര്‍ഷം വരെ തടവോ രണ്ടുലക്ഷം റിയാല്‍ പിഴയോ രണ്ടുംകൂടിയോ ആണ് ശിക്ഷ.
നിര്‍മാണ സ്ഥലങ്ങളിലും തൊഴിലാളി താമസകേന്ദ്രങ്ങളിലും നിയമലംഘനം നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് 40280660 എന്ന ഹോട്ട്ലൈന്‍ നമ്പറില്‍ അധികൃതരെ വിവരമറിയിക്കാം.
വീട്ടുജോലിക്കാരുടെ വേതനം ബാങ്ക് മുഖേന നല്‍കാനും തൊഴില്‍ മന്ത്രാലയം തൊഴില്‍ ഉടമകള്‍ക്ക് നിര്‍ദേശം നല്കി. വീട്ടുജോലിക്കാര്‍ക്ക് കൃത്യസമയത്ത് കരാര്‍ പ്രകാരമുള്ള ശമ്പളം ലഭിക്കുന്നു എന്ന് ഉറപ്പാക്കാന്‍ ഇതിലൂടെ കഴിയും. സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങള്‍ക്കും ബാങ്കിങ് സേവനം ഉറപ്പാക്കാനുള്ള ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്(ക്യുസിബി) നീക്കത്തിന്റെ ഭാഗമായിക്കൂടിയാണ് ഈ നടപടി.