ദോഹ* കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഖത്തറില്‍ രണ്ടുകോവിഡ് രോഗികള്‍ മരിച്ചു. ഇരുവരും പ്രവാസികളാണ്. ഒരാള്‍ വൃദ്ധനും(96 വയസ്), മറ്റേയാള്‍ യുവാവും(40 വയസ്) ആണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. മറ്റു രോഗങ്ങള്‍ക്കു ദീര്‍ഘനാളായി ചികിത്സ തേടിയിരുന്ന ഇവര്‍ കോവിഡ്ബാധയെ തുടര്‍ന്ന് അതിതീവ്രപരിചരണത്തിലായിരുന്നു. ഇതോടെ ഖത്തറില്‍ കോവിഡ് മരണങ്ങള് 12 ആയി.
ഇന്നു 687 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികള്‍ 14,096 ആയി. 64 പേര് സുഖപ്പെട്ടതോടെ ആശുപത്രി വിട്ടവരുടെ എണ്ണം 1,436 ആയി. 12,648 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.
പുതിയ രോഗികളിലേറെയും പ്രവാസികളാണ്. കൂടുതലും ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ രോഗികളുമായി സമ്പര്‍ക്കത്തിലായവരാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു രോഗം പടര്‍ന്ന സാഹചര്യത്തില്‍ വരുംദിവസങ്ങളില്‍ രോഗികളുടെ എണ്ണം ഗണ്യമായി കൂടാമെന്നും ഇതില്‍ ആശങ്ക വേണ്ടെന്നും മതിയായ ചികിത്സാ സൗകര്യം ലഭ്യമാണെന്നും പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് 24 മണിക്കൂറിനിടെ 3,226 പേര്‍ക്കാണ് കോവിഡ് പരിശോധന നടത്തിയത്. പരിശോധനാ വിധേയരാവുന്ന അഞ്ചില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ട്. ഫെബ്രുവരിയില്‍ ആദ്യരോഗബാധ റിപ്പോര്‍ട്ട് ചെയ്തതു മുതല്‍ ഇതുവരെയായി 97,726 പേര്‍ക്കാണ് കോവിഡ് ടെസ്റ്റ് നടത്തിയത്.