ഭോപ്പാല്‍: സാനിറ്റൈസറില്‍ നിന്ന് മദ്യം നിര്‍മ്മിച്ച യുവാവ് അറസ്റ്റില്‍. മധ്യപ്രദേശിലെ റൈസന്‍ ജില്ലയിലാണ് സംഭവം. ഇന്ദാല് സിംഗ് രജ്പുത് എന്ന ബോറിയ ജഗിര്‍ ഗ്രാമവാസിയാണ് പിടിയിലായത്.
രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ സംസ്ഥാനത്തെ മദ്യശാലകള്‍ പൂര്‍ണ്ണമായും അടച്ചിട്ടിരിക്കുകയാണ്. കൊറോണയെ തുടര്‍ന്ന് ഉയര്‍ന്ന ഡിമാന്‍ഡുള്ള സാനിറ്റൈസറുകള്‍ നിര്‍മ്മിക്കാന്‍ സംസ്ഥാനത്തെ നിരവധി ഡിസ്റ്റലറികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഹാന്‍ഡ് സാനിറ്റൈസറിലെ പ്രധാന ഘടകമാണ് ആല്‍ക്കഹോള്‍.
75 ശതമാനം ആള്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസറില്‍ നിന്നാണ് രജ്പുത് മദ്യം നിര്‍മ്മിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ എക്സൈസ് നിയമപ്രകാരം കേസെടുത്തെന്നും പോലീസ് വ്യക്തമാക്കി.