ന്യൂഡല്‍ഹി : ജമ്മു കശ്മീരിലെ ഹന്ദ്വാരയില് ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്കും പോലീസ് ഉദ്യോഗസ്ഥനും ആദരാഞ്ജലികള്‍ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രക്തസാക്ഷിത്വം വരിച്ച ഇവരുടെ ത്യാഗം ഒരിക്കലും മറക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം വീരമൃത്യുവരിച്ച സൈനികര്‍ക്കും പോലീസ് ഉദ്യോഗസ്ഥനും ആദരാഞ്ജലികള്‍ അർപ്പിക്കുന്നതായി അറിയിച്ചത്.
ഹന്ദ്വാരയില് രക്തസാക്ഷിത്വം വഹിച്ച ധീര സൈനികര്‍ക്കും പോലീസ് ഉദ്യോഗസ്ഥനും ആദരാഞ്ജലികള്‍. ഇവരുടെ വീരവും ത്യാഗവും ഒരിക്കലും മറക്കില്ല. രാജ്യത്തെ ആത്മാര്‍ത്ഥതയോടെ സേവിച്ചവരും ജനങ്ങളുടെ ക്ഷേമത്തിനായി വിശ്രമമില്ലാത പ്രവര്‍ത്തിച്ചവരുമാണ് ഇവര്‍. വീരമൃത്യുവരിച്ച സൈനികരുടെയും പോലീസ് ഉദ്യോഗസ്ഥന്റെയും കുടുംബാംഗങ്ങള്‍ക്കും കൂട്ടുകാര്‍ക്കും അനുശോചനം അറിയിക്കുന്നു- പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
ഇന്ന് രാവിലെയാണ് ഹന്ദ്വാരയില് നടന്ന ഏറ്റുമുട്ടലില്‍ കേണല്‍ അടക്കം നാലു സൈനികരും പോലീസ് ഉദ്യോഗസ്ഥനും വീരമൃത്യുവരിച്ചത്. 21 രാഷ്ട്രീയ റൈഫിള്‍സിലെ കേണല്‍ അശുതോഷ് ശര്‍മ്മ , മേജര്‍ അനൂജ് സൂദ് , ലാന്‍സ് നായിക് ദിനേഷ് , റൈഫിള്‍ മാന്‍ എന്‍.കെ രാജേഷ് , കശ്മീര്‍ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ ഷക്കീല്‍ ഖാസി എന്നിവരാണ് വീരമൃത്യു വരിച്ചത്.