ന്യൂഡല്‍ഹി ജമ്മു കശ്മീരില്‍ ഭീകരരുമയി ഉണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സൈനികരുടെ വേര്‍പാട് വളരെ വേദനാജനകമായ കാര്യമാണ്. ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ഉദ്യോഗസ്ഥരുടെ ധീരതയും ത്യാഗവും ഒരിക്കലും മറക്കാന്‍ കഴിയില്ല. വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തോടൊപ്പം രാജ്യം എന്നും ചേര്‍ന്നു നില്ക്കും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങി നിരവധി പ്രമുഖര്‍ ഇവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരുന്നു.
ഇന്ന് രാവിലെയാണ് ഹന്ദ്വാരയില് നടന്ന ഏറ്റുമുട്ടലില്‍ കേണല്‍ അടക്കം നാലു സൈനികരും പോലീസ് ഉദ്യോഗസ്ഥനും വീരമൃത്യു വരിച്ചത്. 21 രാഷ്ട്രീയ റൈഫിള്‍സിലെ കേണല്‍ അശുതോഷ് ശര്‍മ്മ , മേജര്‍ അനൂജ് സൂദ് , ലാന്‍സ് നായിക് ദിനേഷ് , റൈഫിള്‍ മാന്‍ എന്‍.കെ രാജേഷ് , കശ്മീര്‍ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ ഷക്കീല്‍ ഖാസി എന്നിവരാണ് വീരമൃത്യു വരിച്ചത്.