മുംബൈ: ധാരാവിയില്‍ ഇന്ന് പുതുതായി 94 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതുവരെ ഉള്ളതില്‍ ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ആകെ 590 പേര്‍ക്കാണ് ധാരാവിയില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കൊറോണ വൈറസ് ബാധ മൂലം ധാരാവിയില്‍ ഇന്ന് രണ്ടു പേര് മരണമടയുകയും ചെയ്തു. ആകെ 20 പേര്‍ക്കാണ് വൈറസ് ബാധ മൂലം ധാരാവിയില്‍ ജീവന് നഷ്ടമായിരിക്കുന്നത്.
മഹാരാഷ്ട്രയില്‍ 12,296 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഏറ്റവും അധികം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ച സംസ്ഥാനം മഹാരാഷ്ട്രയാണ്. ഏറ്റവും അധികം മരണ നിരക്ക് റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനവും മഹാരാഷ്ട്രയാണ്. മുംബൈയിലാണ് മഹാരാഷ്ട്രയില്‍ ഏറ്റവും അധികം പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 441 പേര്‍ക്ക് ഇന്ന് മുംബൈയില്‍ കൊറോണ സ്ഥിരീകരിച്ചു. ഇതോടെ മുംബൈ നഗരത്തിലെ രോഗികളുടെ എണ്ണം 8613 ആയി. 21 പേര്‍ക്ക് മുംബൈയില്‍ ഇന്ന് ജീവന് നഷ്ടമായിട്ടുണ്ട്. കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളാണ് മഹാരാഷ്ട്രയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 40,263 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2487 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.