കൊല്ലം: സമ്പര്‍ക്കത്തിലൂടെ കൊറോണ ബാധിച്ച പ്രാക്കുളം സ്വദേശിനയുടെ ഫലം പോസിറ്റീവായി തന്നെ തുടരുന്നതില്‍ ആശങ്ക. രോഗലക്ഷണങ്ങളൊന്നുമില്ലെങ്കിലും പരിശോധനകളില്‍ നെഗറ്റീവ് ഫലം കാണിക്കാത്തതിന്റെ ആശങ്കയിലാണ് പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍. കഴിഞ്ഞ മാസം 30നാണ് പ്രാക്കുളം സ്വദേശിനിയെ ആശുപത്രിയിലാക്കിയത്. നിലവില്‍ നാല്പ്പത്തിയഞ്ചുകാരിയായ ഇവരുള്‍പ്പടെ മൂന്ന് പേര് ചികിത്സയിലുണ്ട്.
വിദേശത്തായിരുന്ന ബന്ധുവില്‍ നിന്നാണ് പ്രാക്കുളം സ്വദേശിനിക്ക് രോഗബാധ ഉണ്ടായതെന്നാണ് സ്ഥിരീകരിച്ചത്. ഇതുവരെ ആറു പരിശോധനകള്‍ നടത്തിക്കഴിഞ്ഞു. ആരോഗ്യപ്രശ്നങ്ങളുമില്ല. എന്നാല്‍ നിലവിലെ കൊറോണ പ്രോട്ടോക്കോള്‍ പ്രകാരം 48 മണിക്കൂറിനിടെ നടത്തുന്ന രണ്ടു പരിശോധനകള്‍ നെഗറ്റീവായാല്‍ മാത്രമേ ആശുപത്രി വിടാന്‍ സമ്മതിക്കുകയുള്ളു. വൈറസിന്റെ ന്യൂക്ലിക് ആസിഡ് ഷെഡിംഗ് എന്ന പ്രതിഭാസം മൂലമാകാം പോസിറ്റീവായി കാണിക്കുന്നതെന്ന സംശയത്തിലാണ് ഡോക്ടര്‍മാര്‍. ഈ കാലഘട്ടത്തില്‍ ഇവരില്‍ നിന്നും രോഗം ആരിലേക്കും പകരില്ലെന്ന പ്രത്യേകതയുമുണ്ടെന്നും ഡോക്ടര്‍മാര്‍ വിലയിരുത്തുന്നു.