ചെന്നൈ: തമിഴ്നാട്ടില്‍ കൊറോണ വൈറസിനെതിരായ മരുന്ന് വികസിപ്പിച്ച് സ്വയം പരീക്ഷിച്ച ഔഷധ വ്യാപാരി മരിച്ചു. 47കാരനായ കെ.ശിവനേശന് എന്നയാളാണ് മരിച്ചത്. കഴിഞ്ഞ 27 വര്‍ഷമായി ആയുര്‍വേദ മരുന്ന് നിര്‍മ്മാണ രംഗത്ത് പ്രവര്‍ത്തിച്ചു വരികയായിരുന്നു ശിവനേശന്.
ശിവനേശനും മരുന്ന് കമ്പനിയുടെ ഉടമ ഡോ. രാജ് കുമാറും വ്യാഴാഴ്ച കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചിരുന്നു. നൈട്രിക് ഓക്സൈഡ്, സോഡിയം നൈട്രേറ്റ് എന്നിവ ഉപയോഗിച്ച് കൊറോണ വൈറസിന് മരുന്ന് ഉണ്ടാക്കാനായിരുന്നു ഇവരുടെ പദ്ധതി. മരുന്ന് നിര്‍മ്മാണം വിജയിച്ചാല്‍ കമ്പനിക്ക് വലിയ നേട്ടമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇവര്‍ മരുന്ന് നിര്‍മ്മാണം ആരംഭിച്ചതെന്ന് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് അറിയിച്ചു.
പരീക്ഷണ വേളയില്‍, രാസവസ്തുക്കളുടെയും സോപ്പുകളുടെയും നിര്‍മ്മാണത്തിലും പെട്രോളിയം ശുദ്ധീകരണത്തിലും ഉപയോഗിക്കുന്ന സോഡിയം ഹൈഡ്രേറ്റ് ശിവനേശന് ഉപയോഗിച്ചിരുന്നു. കൊറോണ വൈറസ് ചികിത്സയ്ക്കും ശരീരത്തില്‍ പ്ലേറ്റ് ലെറ്റിന്റെ എണ്ണം മെച്ചപ്പെടുത്തുന്നതിനും ഈ മിശ്രിതം ഉപയോഗിക്കാമെന്ന് ഇരുവരും വിശ്വസിച്ചിരുന്നതായാണ് വിവരം.
67കാരനായ കമ്പനി ഉടമയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരികയാണെന്നും ഇവരുടെ താമസസ്ഥലത്ത് സ്ഥാപിച്ച താത്ക്കാലിക ലബോറട്ടറിയില്‍ നിന്ന് പിടിച്ചെടുത്ത വസ്തുക്കള്‍ പരിശോധനയ്ക്കായി അയച്ചെന്നും പോലീസ് അറിയിച്ചു.