ന്യൂഡല്‍ഹി: നിസാമുദ്ദീന്‍ മതസമ്മേളനവുമായി ബന്ധപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും വന്‍തുക കൈമാറിയതായി ഡല്‍ഹി പോലീസ്. ഇതുസംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ക്രൈംബ്രാഞ്ച് എന്‍ഫോഴ്സ്മെന്റിന് കൈമാറി. തബ്ലീഗ് ജമാ അത്തുമായി ബന്ധപ്പെട്ടവരുടെ അക്കൗണ്ടുകളിലേക്ക് കോടികളുടെ നിക്ഷേപമാണ് ഉണ്ടായതെന്ന് ഡല്‍ഹി പോലീസ് വ്യക്തമാക്കി.
സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ക്രൈംബ്രാഞ്ച് വെള്ളിയാഴ്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്‍പാകെ സമര്‍പ്പിച്ചു. ഈ ഇടപാടുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ നിസാമുദ്ദീന്‍ മര്‍ക്കസുമായി ബന്ധപ്പെട്ടവരാണെന്നും ഇവര്‍ തബ്ലീഗി ജമാ അത്ത് മേധാവി മൗലാന സാദുമായി അടുത്ത ബന്ധമുള്ളവരാണെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. അതേസമയം, മൗലാനാ സാദിന്റെ മൂന്ന് ആണ്മക്കളുടെയും അനന്തരവന്റെയും പേരുകള്‍ ഈ ഇടപാടുകളില്‍ ഉള്‍പ്പെട്ടവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
അന്താരാഷ്ട്ര ധനസഹായത്തില്‍ നിന്ന് രണ്ട് കോടി രൂപയുടെ സ്വത്തുക്കളും മറ്റും മൗലാന സാദ് സമ്പാദിച്ചതായി എന്‍ഫോഴ്സ്മെന്റ് നേരത്തെ സംശയിച്ചിരുന്നു. ഇയാളുടെ സ്വത്തുക്കള്‍ക്ക് ധനസഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെത്തുന്നതിനായി സാദിന്റെ കാന്ധല ഫാം ഹൗസില്‍ ക്രൈംബ്രാഞ്ച് സംഘം അടുത്തിടെ റെയ്ഡ് നടത്തിയിരുന്നു. മര്‍ക്കസിന് ലഭിച്ച സംഭാവന സാമ്പത്തിക ഇടപാടിന്റെ ഭാഗമാണോ എന്നും ഹവാല സംഘങ്ങള്‍ ഇതില്‍ പ്രവര്‍ത്തിച്ചിരുന്നോ എന്നും അന്വേഷിക്കാനാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ തീരുമാനം.