ന്യൂഡല്‍ഹി: കൊറോണ വൈറസിനെതിരായ കേന്ദ്രസര്‍ക്കാരിന്റെ പോരാട്ടത്തിന് കരുത്ത് പകര്‍ന്ന് ഐസിഎംആര്‍. ഇതിന്റെ ഭാഗമായി തദ്ദേശീയമായി വാക്സിന് വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഐസിഎംആര്‍ തുടക്കം കുറിച്ചതായാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെ പ്രമുഖ മരുന്ന് നിര്‍മ്മാതാക്കളായ ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡുമായി സഹകരിച്ചാണ് ഐസിഎംആറിന്റെ പ്രവര്‍ത്തനം.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എന്‍ഐവി) ശേഖരിച്ച വൈറസ് സ്ട്രെയിനുകള്‍ ഉപയോഗിച്ചാണ് ഐസിഎംആറിന്റെ വാക്സിന് നിര്‍മ്മാണം. വൈറസ് സ്ട്രെയിനുകള്‍ ഭാരത് ബയോട്ടെക്കിനു കൈമാറിയെന്നും വാക്സിന് നിര്‍മ്മാണം ആരംഭിച്ചു കഴിഞ്ഞെന്നും ഐസിഎംആര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.
വാക്സിന് വികസിപ്പിക്കുന്നതിന്റെ വിവിധ ഘട്ടങ്ങള്‍ക്ക് ഫാസ്റ്റ് ട്രാക്ക് അനുമതി നല്‍കാനും തുടര്‍ന്ന് ആദ്യ ഘട്ടത്തില്‍ ഇതിന്റെ പരീക്ഷണം മൃഗങ്ങളില്‍ നടത്താനും ആവശ്യമായ നടപടികള്‍ അതിവേഗം സ്വീകരിക്കുമെന്ന് ഐസിഎംആര്‍ അറിയിച്ചു. പരീക്ഷണങ്ങള്‍ക്കും മറ്റും ആവശ്യമായ വോളണ്ടിയര്‍മാരെ കണ്ടെത്തുന്നതിനുള്ള നടപടികളും വേഗത്തിലാക്കുമെന്ന് ഐസിഎംആര്‍ വ്യക്തമാക്കി.