ന്യൂഡല്‍ഹി: ലോക്ക് ഡൗണിന് ശേഷം രാജ്യത്തെ വ്യവസായങ്ങള്‍ പുനരാരംഭിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. ലോക്ക് ഡൗണിന് ശേഷമുള്ള ആദ്യ ആഴ്ച്ച പരീക്ഷണമായിട്ടോ ട്രയലായിട്ടോ പരിഗണിച്ച് വേണം പ്രവര്‍ത്തിക്കേണ്ടതെന്ന് മാര്‍ഗ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.
ദേശീയ ദുരന്ത നിവാരണ അതോറിറ്റിയാണ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. വ്യവസായ യൂണിറ്റ് പരിസരത്തുള്ള ദുരന്ത നിവാരണ സംവിധാനങ്ങളും സുരക്ഷാ സൗകര്യങ്ങളും കാര്യക്ഷമമാണെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പു വരുത്തണമെന്ന് ദേശീയ ദുരന്ത് നിവാരണ അതോറിറ്റി നിര്‍ദ്ദേശിക്കുന്നു. ജില്ലാ അതോറിറ്റികള്‍ ഇത് സംബന്ധിച്ച് പരിശോധനകള്‍ നടത്തണമെന്നും നിര്‍ദ്ദേശമുണ്ട്.
ആദ്യ ആഴ്ച്ച മുതല്‍ ട്രയല്‍ റണ്‍ അഥവാ ടെസ്റ്റ് റണ്‍ കാലയളവായിട്ടാണ് വ്യവസായ യൂണിറ്റുകള്‍ പരിഗണിക്കേണ്ടത്. യൂണിറ്റ് പുനരാരംഭിക്കുമ്പോള്‍ തന്നെ എല്ലാ സുരക്ഷാ പ്രോട്ടോകോളുകളും ഉറപ്പാക്കണം. ആരംഭത്തില്‍ തന്നെ ഉയര്‍ന്ന ഉത്പാദന ലക്ഷ്യങ്ങള്‍ നേടാന്‍ ശ്രമിക്കരുത്. അപകട സാധ്യത കുറയ്ക്കുന്നതിന് നിര്‍ദ്ദിഷ്ട ഉപകരണങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ സംവേദന ക്ഷമത പുലര്‍ത്തേണ്ടതാണ്. അസാധാരണമായ ശബ്ദം, മണം, ചോര്‍ച്ച, പുക അല്ലെങ്കില്‍ അപകടകരമായ മറ്റ് അടയാളങ്ങള്‍ എന്നിവ തിരിച്ചറിയേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് തൊഴിലാളികള്‍ ബോധവാന്മാരാകേണ്ടതുണ്ട്.
പുനരാരംഭിക്കുന്ന ഘട്ടത്തില്‍ സുരക്ഷാ പ്രോട്ടോക്കോള്‍ അനുസരിച്ച് എല്ലാ ഉപകരണങ്ങളും പരിശോധിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഫാക്ടറി പരിസരം 24 മണിക്കൂറും ശുചിത്വവത്കരിക്കണം. പ്രവര്‍ത്തനത്തിന് തടസമായി ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടുകയാണെങ്കില്‍ പ്രത്യേക സഹായത്തിനായി പ്രാദേശിക ജില്ലാ ഭരണകൂടത്തെ സമീപിക്കാം.
ഫാക്ടറികളുടെ പ്രവേശന കവാടത്തില്‍ തൊഴിലാളികളുടെ ആരോഗ്യം പരിശോധിക്കണം. എല്ലാ ജീവനക്കാരുടെയും താപനില ദിവസത്തില്‍ രണ്ടു തവണ പരിശോധിക്കണം. രോഗലക്ഷണങ്ങള്‍ പ്രകടമാകുന്ന തൊഴിലാളികളെ ജോലിയ്ക്ക് റിപ്പോര്‍ട്ട് ചെയ്യിക്കരുത്. എല്ലാ ഫാക്ടറികളിലും നിര്‍മ്മാണ യൂണിറ്റുകളിലും കയ്യുറകള്‍, മാസ്ക്, ഹാന്‍ഡ് സാനിട്ടൈസറുകള്‍ എന്നിവ നല്‍കണം.
കൊറോണ പ്രതിരോധം സംബന്ധിച്ച് തൊഴിലാളികള്‍ക്ക് ക്ലാസുകള്‍ നല്‍കണം. ഫാക്ടറികളില്‍ പ്രവേശിക്കുന്നത് മുതല്‍ പുറത്ത് കടക്കുന്നത് വരെയുള്ള സുരക്ഷാ നടപടികള്‍ സംബന്ധിച്ച് തൊഴിലാളികളെ പഠിപ്പിക്കണം. വര്‍ക്ക് ഫ്ളോറിനുള്ളില്‍ ശാരീരികാകലം പാലിക്കുകയും ഭക്ഷണ സൗകര്യങ്ങള്‍ ഉറപ്പാക്കുകയും വേണം.
24 മണിക്കൂറോ അല്ലെങ്കില്‍ തുടര്‍ച്ചയായോ പ്രവര്‍ത്തിക്കുന്ന ഫാക്ടറികളും പ്ലാന്റുകളും ഷിഫ്റ്റുകള്‍ക്കിടയില്‍ ഒരു മണിക്കൂര്‍ ഇടവേള പരിഗണിക്കാമെന്നും ദേശീയ ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശിക്കുന്നു.
ഏതെങ്കിലും തരത്തില്‍ ഫാക്ടറിയിലെ തൊഴിലാളിയ്ക്ക് വൈറസ് ബാധ കണ്ടെത്തുകയാണെങ്കില്‍ അയാളെ ഐസൊലേറ്റ് ചെയ്യാനുള്ള സൗകര്യം ഫാക്ടറികള്‍ ഒരുക്കണം. തുടര്‍ന്ന് മുഴുവന്‍ ജീവനക്കാരെയും 14 ദിവസത്തെ നിര്‍ബന്ധിത നിരീക്ഷണത്തിലാക്കാനുള്ള പ്രക്രിയകള്‍ക്ക് ഫാക്ടറിയിലെ എച്ച് ആര് സഹായിക്കേണ്ടതാണ്.
അപകടകരമായ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന തൊഴിലാളികള്‍ ഈ മേഖലയില്‍ വിദഗ്ധരും പരിചയ സമ്പന്നരും ആയിരിക്കണം. വ്യാവസായിക യൂണിറ്റ് തുറക്കുമ്പോള്‍ അത്തരം തൊഴിലാളികളെ വിന്യസിക്കുന്നതില്‍ വിട്ടുവീഴ്ച്ച അനുവദിക്കരുതെന്നും മാര്‍ഗ രേഖയില്‍ വ്യക്തമാക്കുന്നു.