ന്യൂഡല്‍ഹി: വിവാദമായ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന് അദ്ധ്യക്ഷന്‍ സഫറുള്‍ ഇസ്ലാമിന് ഡല്‍ഹി പോലീസിന്റെ നോട്ടീസ്. ഫേസ്ബുക്ക് പോസ്റ്റ് ഇടാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണോ ലാപ്ടോപ്പോ ഹാജരാക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് നോട്ടീസ് അയച്ചിരിക്കുന്നത്. മെയ് 12ന് മുന്‍ ഇവ സമര്‍പ്പിക്കണമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയിലെ മുസ്ലിങ്ങളെ പീഡിപ്പിച്ചാല്‍ അറബ് രാജ്യങ്ങള്‍ അതില്‍ ഇടപെടാതിരിക്കുമെന്ന് കരുതുന്നുണ്ടോ എന്നായിരുന്നു സഫറുള്‍ ഇസ്ലാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കുവൈറ്റ് വിഷയത്തില്‍ ഇന്ത്യക്കെതിരെ പാക് പിന്തുണയുള്ള അറബ് ട്വിറ്റര്‍ ഐഡികളില്‍ നിന്ന് വന്ന പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഖാന്റെ പരാമര്‍ശം. എന്നാല്‍ ഇതില്‍ പലതും വ്യാജ ഐഡികളായിരുന്നു.
എന്നാല്‍ പാകിസ്താന്റെ സൈബര്‍ പ്രചാരണങ്ങള്‍ ഇന്ത്യയുമായുള്ള ബന്ധത്തെ ഒരു കാരണവശാലും തടസപ്പെടുത്തില്ലെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വ്യാജ അക്കൗണ്ടുകള്‍ പരാമര്‍ശിച്ച് കൊണ്ട് സഫറുള്‍ ഇസ്ലാമിന്റെ ഭീഷണി. തത്കാലം അറബ് രാജ്യങ്ങളോട് പരാതി പറയുന്നതേ ഉള്ളൂവെന്നും അതിനപ്പുറം ചെയ്ത് തുടങ്ങിയാല്‍ അത് നേരിടാന്‍ ആര്‍ക്കും കഴിയില്ലെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു.