ന്യൂഡല്‍ഹി: അതിര്‍ത്തി പ്രദേശങ്ങളില്‍ പാകിസ്താന് പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ കശ്മീരില്‍ നിര്‍ണായക കൂടിക്കാഴ്ചകള്‍. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ നേരിട്ട് കശ്മീരിലെത്തി. ഹിസ്ബുള്‍ ഭീകരന് റിയാസ് നായിക്കൂവിനെ വധിച്ചതിന് സൈന്യത്തെ അദ്ദേഹം പ്രശംസിച്ചു.
ജമ്മു കശ്മീര്‍ പോലീസിന്റെ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് റിയാസ് നായിക്കൂവുമായി ബന്ധമുള്ളവരെ കണ്ടെത്താനായി കുപ് വാരയില്‍ വ്യാപകമായി പരിശോധന നടത്തുകയാണ്. റിയാസ് നായിക്കൂവിനെ വധിച്ചതിനു തൊട്ടുപിന്നാലെ ഹിസ്ബുളിന്റെ മറ്റൊരു ഭീകരന്‍കൂടി സൈന്യത്തിന്റെ പിടിയിലായിരുന്നു. സ്വാന്ഡ സ്വദേശിയായ 22 കാരനായ റാകിബ് ആലത്തെയാണ് സൈന്യം പിടികൂടിയത്. പ്രാഥമിക ഘട്ടത്തില്‍ ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും സൈന്യം പരിശോധനയില്‍ നിന്നും പിന്മാറാന് തയാറായിരുന്നില്ല.
ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന് റിയാസ് നായിക്കൂവിനെ വധിക്കാന്‍ കഴിഞ്ഞത് സമീപകാലത്തെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായാണ് സൈന്യം വിലയിരുത്തുന്നത്. കഴിഞ്ഞ ദിവസം, പാകിസ്താനില്‍ നിന്നും ഹിസ്ബുള്‍ തലവന്‍ സയിദ് സലാഹുദ്ദീന് റിയാസ് നായിക്കൂവിന്റെ മരണം ഞെട്ടിച്ചെന്ന് വെളിപ്പെടുത്തുന്ന വീഡിയോയും പുറത്തുവന്നിരുന്നു.