ബൊഗോട്ട: കൊളംബിയയിലെ ജയിലുകളില്‍ കൊറോണ വ്യാപിക്കുന്നെന്ന് റിപ്പോര്‍ട്ട്. വില്ലവിസെന്സിയോയിലെ ഒരു ജയിലില്‍ പകുതിയോളം തടവുകാര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 1835 പേരുള്ള ജയിലില്‍ 859 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു.
മറ്റൊരു നഗരമായ ലെറ്റിസിയയിലെ ജയിലിലും ആകെയുള്ള 180 തടവുകാരില്‍ 89 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സാമൂഹിക അകലം പാലിക്കാനാവാത്തത് തടവുകാരുടെ ജീവന് തന്നെ ഭീഷണിയാകുന്നെന്ന് റിപ്പോര്‍ട്ട് ഉണ്ട്. ജയിലിലെ സാഹചര്യത്തില്‍ സാമൂഹിക അകലവും ക്വാറന്റൈനുമൊക്കെ എങ്ങനെ സാധ്യമാകും എന്നാണ് ജയില്‍ അധികൃതര്‍ ചോദിക്കുന്നത്. കൊറോണ പ്രതിരോധത്തിനായി ഒന്നും ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണ് ജയിലിലെന്നും അധികൃതര്‍ പറഞ്ഞു.
തടവുകാര്‍ക്കൊപ്പം ജയില്‍ ജീവനക്കാരുടെയും ആരോഗ്യകാര്യത്തില്‍ ആശങ്ക വര്‍ധിക്കുകയാണ്. തടവുകാര്‍ അടുത്തടുത്ത് കിടക്കുകയും പൊതു ശുചി മുറികള്‍ ഉപയോഗിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജയിലില്‍ കൊറോണ വ്യാപനം വര്‍ദ്ധിക്കാനാണ് സാധ്യതയെന്ന് അധികൃതര്‍ പറയുന്നു. മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാത്ത ജയിലുകളിലേക്ക് പരിശോധനയ്ക്ക് വരാന്‍ ഡോക്ടര്‍മാര്‍ തയ്യാറാവുന്നില്ലെന്നും റിപ്പോര്‍ട്ട് ഉണ്ട്.