ലണ്ടന്‍: കോടികളുടെ വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദിക്കെതിരെയുള്ള സഹപ്രവര്‍ത്തകരുടെ മൊഴി സിബിഐ യുകെ കോടതിയില്‍ സമര്‍പ്പിച്ചു. തങ്ങളെ കൊന്നു കളയുമെന്നും മോഷണ കേസില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തിയതായി സഹപ്രവര്‍ത്തകര്‍ വെളിപ്പെടുത്തുന്നതിന്റെ വീഡിയോ ആണ് സിബിഐ കോടതിയില്‍ സമര്‍പ്പിച്ചത്. നീരവ് മോദിയെ നാടുകടത്തണമെന്നുള്ള കേസിന്റെ വാദത്തിനിടയിലാണ് നിര്‍ണ്ണായക വെളിപ്പെടുത്തലുകളുമായി സിബിഐ എത്തിയത്.
ആറ് ഇന്ത്യക്കാര്‍ നീരവ് മോദിക്കും സഹോദരന് നെഹാല്‍ മോദിക്കും എതിരെ ആരോപണം ഉന്നയിക്കുന്നതാണ് വീഡിയോയില്‍ ഉളളത്. നീരവ് മോദിയുമായി ബന്ധമുള്ള പല കമ്പനികളുടെയും ഡമ്മി ഡയറക്ടര്‍മാരാണിവര്‍. ഫോണില്‍ വിളിച്ച് മോഷണക്കേസില്‍ കുടുക്കുമെന്ന് നീരവ് പറഞ്ഞതായും ഇവര്‍ വ്യക്തമാക്കി.
തന്നെ കൊന്നുകളയുമെന്ന് നീരവ് മോദി ഭീഷണിപ്പെടുത്തിയെന്ന് സണ്‍ഷൈന്‍ ജെംസ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിനു മാത്രമുള്ള ഉടമയാണെന്ന് സ്വയം വിശേഷിപ്പിക്കുന്ന അനീഷ് കുമാര്‍ എന്നയാള്‍ പറഞ്ഞു. മറ്റ് പലകമ്പനികളുടെയും പേരിന് ഡയറക്ടര്‍മാരായ ഋഷഭ് ജേത്വ, സോനുമേത്ത, ശ്രീധര്‍ മയേക്കര്‍,നിലേശ്വര്‍ ബല്‍വന്ത്രി മിസ്ത്രി തുടങ്ങിയവരാണ് സാക്ഷികളായി ഉള്ളത്.
തങ്ങളുടെ ജീവന്റെ സുരക്ഷ ഭയന്നാണ് വെളിപ്പെടുത്തല്‍ നടത്തുന്നതെന്നും ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹമുണ്ടെന്നും ഇവര്‍ വീഡിയോയില്‍ പറഞ്ഞു.