ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യക്കുമെതിരായ അഫ്രീദിയുടെ വിവാദ പരാമര്‍ശത്തില്‍ പൊട്ടിത്തെറിച്ച് ഹര്ഭജന് സിംഗ്. അഫ്രീദിയുടെ വാക്കുകള്‍ സ്വീകരിക്കാനാകുന്നതല്ലെന്നും അദ്ദേഹവുമായി ഇനി ഒരു ബന്ധവുമില്ലെന്നും ഹര്ഭജന് പറഞ്ഞു. ഒരു ദേശീയ മാദ്ധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കൊറോണ വൈറസിനെതിരായ പോരാട്ടം അതിര്‍ത്തികള്‍ക്കും മതങ്ങള്‍ക്കും ജാതിക്കും അതീതമാണെന്ന് പ്രധാനമന്ത്രി പോലും പറഞ്ഞിട്ടുണ്ട്. അഫ്രീദിയുടെ ഫൗണ്ടേഷന് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ധനസഹായം നല്‍കിയതിലൂടെ പ്രതിസന്ധിയിലായവരെ സഹായിക്കുക എന്നതായിരുന്നു തങ്ങളുടെ ലക്ഷ്യം. അഫ്രീദിയുടെ അഭ്യര്‍ത്ഥനപ്രകാരമാണ് അങ്ങനെ ചെയ്തതെന്നും ഹര്ഭജന് പറഞ്ഞു.
‘ഞാന്‍ ഈ രാജ്യത്ത് ജനിച്ചു, ഈ രാജ്യത്ത് തന്നെ മരിക്കും. 20 വര്‍ഷത്തിലേറെയായി ഞാന്‍ എന്റെ രാജ്യത്തിനായി കളിക്കുകയും നിരവധി മത്സരങ്ങളില്‍ വിജയിക്കുകയും ചെയ്തിട്ടുണ്ട്. എന്റെ രാജ്യത്തിനെതിരെ ഞാന്‍ എന്തെങ്കിലും ചെയ്തെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല. ഇന്ന് അല്ലെങ്കില്‍ നാളെ, എന്റെ രാജ്യത്തിന് എന്നെ എവിടെയെങ്കിലും ആവശ്യമുണ്ടെങ്കില്‍, അത് ഇനി അതിര്‍ത്തിയിലാണെങ്കില്‍ പോലും, രാജ്യത്തിനുവേണ്ടി ഞാന്‍ ആദ്യം തോക്ക് എടുക്കും’. ഹര്ഭജന് സിംഗ് പറഞ്ഞു.
അതേസമയം, ഇന്ത്യയെക്കുറിച്ച് മോശമായി സംസാരിച്ചതിനാല്‍ അഫ്രീദിയുമായി ഇനി ഒരു ബന്ധവുമില്ലെന്ന് പറഞ്ഞ ഹര്ഭജന് ഇന്ത്യക്കെതിരെ മോശമായി സംസാരിക്കാന്‍ അദ്ദേഹത്തിന് അവകാശമില്ലെന്നും അഫ്രീദി തന്റെ രാജ്യത്തിന്റെ പരിധികള്‍ക്കുള്ളില്‍ നിന്നാല്‍ മതിയെന്നും വ്യക്തമാക്കി.