അഹമ്മദാബാദ്: അഹമ്മദാബാദില്‍ വിവിധ ഭാഷാ തൊഴിലാളികളുടെ സംഘടിത ആക്രമണം. പോലീസിനു നാട്ടുകാര്‍ക്കും നേരെയുണ്ടായ കല്ലേറില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. രണ്ട് പോലീസ് വാഹനങ്ങളും ആക്രമണത്തില്‍ തകര്‍ന്നു. വസ്ത്ത്രപൂര് മേഖലയിലാണ് സംഭവമുണ്ടായത്.
വിവിധ ഭാഷാ തൊഴിലാളികള്‍ സംഘടിച്ച ശേഷം ആക്രമണം അഴിച്ചുവിടുകയായിരുന്നു. സ്വകാര്യവാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്കു നേരെയും കല്ലേറുണ്ടായി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിനു നേരെയും ഇവര്‍ കല്ലെറിഞ്ഞു. സംഘര്‍ഷമുണ്ടായതോടെ പോലീസ് ലാത്തി വീശി. ഏറെ പ്രയാസപ്പെട്ടാണ് പോലീസ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്.
പോലീസിനു നേരെ വ്യാപകമായ കല്ലേറുണ്ടായെന്നും ആക്രമണത്തില്‍ രണ്ട് പോലീസ് വാഹനങ്ങള്‍ തകര്‍ന്നെന്നും ഡിസിപി പ്രവീണ്‍ മാല് അറിയിച്ചു. 100ഓളം പേര് സംഘടിച്ച് എത്തിയെന്നും ഇവരില്‍ ചിലരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ഒളിവില്‍ പോയവരെ കണ്ടെത്താനായി വിവിധ ഭാഷാ തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.