ന്യൂഡല്‍ഹി: ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ വിവാദ പരാമര്‍ശം നടത്തിയ മുന്‍ പാകിസ്താന് താരം ഷഹീദ് അഫ്രീദിക്കെതിരെ കൂടുതല്‍ ഇന്ത്യന്‍ താരങ്ങള്‍ രംഗത്ത്. യുവരാജ് സിംഗ്, ഗൗതം ഗംഭീര്‍, ഹര്ഭജന് സിംഗ്, ശിഖര്‍ ധവാന് എന്നിവര്‍ക്കു പിന്നാലെ വിമര്‍ശനവുമായി സുരേഷ് റെയ്നയും രംഗത്തെത്തി.
‘മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടുന്ന രാജ്യത്ത് തന്റെ സാന്നിദ്ധ്യം അറിയിക്കാനുള്ള ഒരാളുടെ ശ്രമം. അതിനാല്‍, നിങ്ങളുടെ പരാജിതരായ രാജ്യത്തിനു വേണ്ടി എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കൂ, കശ്മീരിനെ വെറുതെ വിടൂ. ഒരു കശ്മീരി എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു; അത് ഇപ്പോഴും എപ്പോഴും ഇന്ത്യയുടേതായി തുടരും. ജയ്ഹിന്ദ്’. റെയ്ന ട്വിറ്ററില്‍ കുറിച്ചു. ശ്രീനഗറിലെ റയ്നാവരിയിലുള്ള കശ്മീരി പണ്ഡിറ്റ് കുടുംബത്തിലാണ് സുരേഷ് റെയ്ന ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ഒരു സൈനികനായിരുന്നു.
അതേസമയം, രാജ്യത്തിന് വേണ്ടി കളിച്ച ഒരു ഉത്തരവാദിത്വപ്പെട്ട ഇന്ത്യക്കാരനെന്ന നിലയില്‍ അഫ്രീദിയുടെ വാക്കുകള്‍ ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് യുവരാജ് സിംഗ് പറഞ്ഞു. പ്രധാനമന്ത്രിയേക്കുറിച്ചും രാജ്യത്തേക്കുറിച്ചും അതിരുവിട്ട് സംസാരിച്ചതിനാല്‍ അഫ്രീദിയുമായി ഒരു ബന്ധവുമില്ലെന്നാണ് ഹര്ഭജന് സിംഗ് പ്രതികരിച്ചത്. അഫ്രീദി, ഇമ്രാന്, ബജ്വ എന്നിവരെ കോമാളികള്‍ എന്ന് ഗംഭീര്‍ വിശേഷിപ്പിച്ചപ്പോള്‍ കശ്മീര്‍ അന്നും ഇന്നും എന്നും തങ്ങളുടേതാണെന്നായിരുന്നു ശിഖര്‍ ധവാന്റെ മറുപടി.