ന്യൂഡല്‍ഹി : രാജ്യത്തെ കര്‍ഷകരുടെ ക്ഷേമത്തിനായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച സഹായ പദ്ധതിയായ പ്രധാന് മന്ത്രി കിസാന്‍ സമ്മാന്‍ നിധിക്ക് പ്രിയമേറുന്നു. ഇതുവരെ 8 കോടിയിലധികം കര്‍ഷകരാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയില്‍ അംഗമായിരിക്കുന്നത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചത്തലത്തില്‍ ഇവര്‍ക്ക് പ്രധാന മന്ത്രി ഗരീബ് കല്യാണ്‍ യോജനയുടെ കീഴില്‍ രണ്ടായിരം രൂപ ആദ്യ ഗഡുവായി സര്‍ക്കാര്‍ നല്കി കഴിഞ്ഞു.
കര്‍ഷകരുടെ ക്ഷേമം ലക്ഷ്യമിട്ട് 2018 ഡിസംബറിലാണ് കിസാന്‍ സമ്മാന്‍ നിധി ആരംഭിച്ചത്. കാര്‍ഷിക മേഖലയില്‍ കര്‍ഷകര്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ഇല്ലാതാക്കുകയാണ് പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യംവെക്കുന്നത്. രജിസ്റ്റര്‍ ചെയ്യുന്ന കര്‍ഷകര്‍ക്ക് വര്‍ഷം 6,000 രൂപ സഹായമായി നല്‍കുന്നതാണ് പദ്ധതി. കിസാന്‍ സമ്മാന്‍ നിധിയിലേക്ക് കര്‍ഷകര്‍ക്ക് അംഗമാകാന്‍ ഇനിയും അവസരമുണ്ട്. ഇതിനായി പ്രദേശത്തെ റെവന്യൂ/ നോഡല്‍ ഓഫീസര്‍ മാരെ സമീപിക്കാം. ഇതിന് പുറമേ ഓണ്‍ലൈന്‍ ആയും പദ്ധതിയില്‍ അംഗത്വം നേടാം.
കിസാന്‍ സമ്മാന്‍ നിധിയിലേക്കുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്റെ ഘട്ടങ്ങള്‍ ചുവടെ
* പിഎം കിസാന്‍ യോജന വെബ്സൈറ്റ് തുറക്കുക
* ഹോം പേജിലെ ഫാര്‍മേഴ്സ് കോര്‍ണറില്‍ ക്ലിക്ക് ചെയ്യുക
* ന്യൂ ഫാര്‍മേഴ്സ് രജിസ്ട്രേഷന് തിരഞ്ഞെടുക്കുക.
* ആധാര്‍ വിവരങ്ങളും മറ്റ് വിവരങ്ങളും ഉള്‍പ്പെടുത്തി ഇത് പൂരിപ്പിക്കാം
* ശേഷം തുടരാം എന്ന ഓപ്ഷന് ക്ലിക്ക് ചെയ്യണം.
* നേരത്തെ രജിസ്റ്റര്‍ ചെയ്തവര്‍ ആണെങ്കില്‍ അതിന്റെ വിവരങ്ങള്‍ തെളിഞ്ഞു വരും.
* രജിസ്റ്റര്‍ ചെയ്യാത്ത ആളാണെങ്കില്‍ മറ്റൊരു ഫോം തുറന്നു വരും. ഇത് പൂരിപ്പിക്കാം
* ശേഷം യെസ് ക്ലിക്ക് ചെയ്യാം.
* രജിസ്ട്രേഷന് പൂര്‍ത്തിയായാല്‍ രജിസ്ട്രേഷന് നമ്പറും റഫറന്‍സ് നമ്പറും സ്ക്രീനില്‍ തെളിഞ്ഞുവരും.