ന്യൂഡല്‍ഹി: കൊറോണയെ തടയുന്നതിനുള്ള നാലാം ഘട്ട ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഇളവ് വരുത്താന്‍ കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. നാലാം ഘട്ട ലോക്ക് ഡൗണ്‍ സംബന്ധിച്ച പരിഷ്കരിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിരുന്നു.
ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം, സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും 17.05.2020 ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ച പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് റെഡ്, ഓറഞ്ച്, ഗ്രീന്‍ മേഖലകളെ കണ്ടെത്തി കൃത്യമായി രേഖപ്പെടുത്തണം. റെഡ്, ഓറഞ്ച് സോണുകള്‍ക്കുള്ളില്‍ സാങ്കേതിക വിവരങ്ങളും പ്രാദേശിക തലത്തിലുള്ള ആരോഗ്യ മാര്ഗനിര്ദ്ദേശളും അടിസ്ഥാനമാക്കി, പ്രാദേശിക അധികാരികള്‍ കണ്ടെയ്ന്മെന്റ്, ബഫര്‍ സോണുകള്‍ രേഖപ്പെടുത്തണം.
കണ്ടെയ്ന്മെന്റ് സോണുകളില്‍, മുമ്പത്തെപ്പോലെ കര്‍ശന പരിധി നിലനിര്‍ത്തി അവശ്യ പ്രവര്‍ത്തനങ്ങള്‍ മാത്രമേ അനുവദിക്കൂ. ചില പരിമിതമായ കാര്യങ്ങളില്‍ രാജ്യത്തുടനീളമുള്ള വിലക്കു തുടരും. ആഭ്യന്തര മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം പ്രത്യേകമായി നിരോധിച്ചിരിക്കുന്നവ ഒഴികെ മറ്റെല്ലാ കാര്യങ്ങളും അനുവദിക്കും.
പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ വ്യാപകമായ ഇളവുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളിലുള്ള നിയന്ത്രണങ്ങള്‍ ദുര്‍ബലപ്പെടുത്താന്‍ കഴിയില്ലെന്ന് സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണപ്രദേശങ്ങളോടും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവര്‍ത്തിച്ചു വ്യക്തമാക്കി. സാഹചര്യം വിശകലനം ചെയ്ത് അവശ്യമെന്ന് കരുതുന്ന മറ്റ് ചില പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് നിരോധിക്കുകയോ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്യാമെന്നും അറിയിച്ചിട്ടുണ്ട്.