ബീജിംഗ്: ചൈനയെ വിട്ടൊഴിയാതെ കൊറോണ വൈറസ്. എന്നാല്‍ വ്യത്യസ്തമായ രീതിയിലാണ് ചൈനയില്‍ പുതിയ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ചൈനയിലെ വടക്കന്‍ പ്രവിശ്യകളില്‍ രോഗബാധിതരുടെ രോഗം ഭേദമാകാന്‍ ഏറെ സമയം എടുക്കുന്നുണ്ടെന്നും വൈറസ് ഏറെ സമയം രോഗികളില്‍ തന്നെ നിലനില്‍ക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
കൊറോണ വൈറസിന്റെ ഘടനയില്‍ മാറ്റമുണ്ടാവുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വുഹാനില്‍ രോഗം ബാധിച്ചവരില്‍ നിന്ന് വ്യത്യസ്തമായി ഒന്ന് മുതല്‍ രണ്ടാഴ്ച വരെ സമയം എടുത്താണ് ഇപ്പോള്‍ പരിശോധന ഫലം നെഗറ്റീവാകുന്നത്. രോഗം സ്ഥിരീകരിക്കുന്നതിനും ഏറെ നാള് വേണ്ടി വരുന്നു എന്നതും ആശങ്ക ഉയര്‍ത്തുന്നു. ഇത് രോഗ പ്രതിരോധത്തില്‍ വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഇതിനാല്‍ തന്നെ രോഗം കൂടുതല്‍ പേരിലേക്ക് പടരുന്നത് തടയാനും സാധിക്കുന്നില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
വുഹാനില്‍ ഹൃദയം, കിഡ്നി എന്നീ ഭാഗങ്ങളെയാണ് രോഗം കൂടുതല്‍ ബാധിച്ചതെങ്കില്‍ വടക്കന്‍ പ്രവിശ്യകളില്‍ ഇപ്പോള്‍ രോഗം ബാധിക്കുന്നത് കരളിനെയാണ്. റഷ്യയില്‍ നിന്ന് എത്തിയവരില്‍ നിന്നാണ് ചൈനയില്‍ രണ്ടാം ഘട്ട രോഗവ്യാപനം ഉണ്ടായതെന്നാണ് കരുതുന്നത്. രണ്ടാം ഘട്ട രോഗ വ്യാപനത്തില്‍ കഴിഞ്ഞ രണ്ടാഴ്ചക്കിടെ 46 കേസുകളാണ് ചൈനയില്‍ പുതിയതായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.